മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐക്കെതിരെ കേസെടുത്തു

single-img
3 October 2014

Kerala_Police_Logo1തൃശൂര്‍ : മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐക്കെതിരെ കേസെടുത്തു. വിയ്യൂര്‍ തോപ്പില്‍ വീട്ടില്‍ സജീവ് കുമാറിന്റെ മകനായ നിഖിലിനാണ്(14) മര്‍ദനമേറ്റത്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐയാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തില്‍ നൃത്തപരിപാടി കാണാനെത്തിയ അധ്യാപികയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടിരുന്നു.  ബാഗ് നഷ്ടപ്പെട്ട വിവരം അധ്യാപിക മറ്റുള്ളവരെ അറിയിച്ചു. ബാഗ് നഷ്ടപ്പെട്ട സ്ഥലത്ത് നിഖിലും സുഹൃത്തുക്കളും കളിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന എഎസ്‌ഐ നിഖിലിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതായും ഇതിനിടെ നിഖിലിനെ മര്‍ദിച്ചതായും പറയുന്നു. ബാഗ് പിന്നീട് മറ്റൊരു സ്ഥലത്തു നിന്നു കണ്ടെത്തി.

മര്‍ദനമേറ്റ നിഖില്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ വിയ്യൂര്‍ പോലീസാണ് എഎസ്‌ഐക്കെതിരേ കേസെടുത്തത്. പേരാമംഗലം സിഐക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ ഹാജരാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.