വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോഡോടെ ഇന്ത്യക്ക് സ്വർണ്ണം

single-img
3 October 2014

releഇഞ്ചിയോണ്‍:  വനിതകളുടെ 400 മീറ്റര്‍ റിലേയില്‍ ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ച് ഇന്ത്യക്ക് സ്വർണ്ണം. 3:28.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മലയാളിയായ ടിന്റു ലൂക്ക ഉൾപെട്ട സംഘമാണ് സ്വര്‍ണം നേടിയത്.  ടിന്റു ലൂക്കയും പ്രിയങ്ക പവാറും മന്‍ദീപ് കൗറും എം.ആര്‍. പൂവമ്മയും നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ ടീം തന്നെ കുറിച്ച റെക്കോഡാണ് പഴങ്കഥയാക്കിയത്.

അന്നത്തെ ടീമിലെ അംഗമായിരുന്നു മന്‍ദീപ് കൗര്‍ തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസില്‍ റെക്കാഡോടെ സ്വര്‍ണമിയുകയെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയായി. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.

പ്രിയങ്ക ഓടിയ ആദ്യ ലാപ്പില്‍ ഇന്ത്യ ജപ്പാന് പിറകില്‍ രണ്ടാമതായിരുന്നു. എന്നാല്‍, പ്രിയങ്കയില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയ ടിന്റു അവസാന 50 മീറ്ററില്‍ ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്‌സുമൊട്ടോയെ മറികടന്നു. ടിന്റുവില്‍ നിന്ന് ബാറ്റണ്‍ കൈമാറിക്കിട്ടിയ  മന്‍ദീപ് ബാറ്റണ്‍ ലീഡോടെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ഏല്‍പിച്ചു.

പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാന്‍ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തില്‍ പൂവമ്മയുടെ ഫിനിഷ്. 20 സെക്കന്‍ഡ് കഴിഞ്ഞാണ് അസാമി ടേപ്പ് തൊട്ടത്. സമയം: 3:30.80 സെക്കന്‍ഡ്. 3.32.02 സെക്കന്‍ഡില്‍ ചൈന വെങ്കലമണിഞ്ഞു.