റിസര്‍വ് ബാങ്കിന്റെ വായ്പനയം ഇന്ന് പ്രഖ്യാപിക്കും

single-img
30 September 2014

rs റിസര്‍വ് ബാങ്കിന്റെ വായ്പനയം ഇന്ന് പ്രഖ്യാപിക്കും. ബാങ്ക് നിരക്കുകള്‍ കുറയ്ക്കാനുള്ള സാഹചര്യം രാജ്യത്തില്ലെന്ന് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെ സൂചിപ്പിച്ച പശ്ചാത്തലത്തില്‍, വാണിജ്യമേഖല ഈ വായ്പനയത്തില്‍ കാര്യമായി പ്രതീക്ഷയര്‍പ്പിക്കുന്നില്ല.

നിലവിലെ എട്ടില്‍ നിന്ന് 2016 ജനുവരിയോടെയെങ്കിലും ആറ് ശതമാനത്തിലേക്ക് നാണ്യപെരുപ്പം കുറയണമെന്നാണ് റിസര്‍വ് ബാങ്ക് ആഗ്രഹിക്കുന്നത്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ എട്ടു ശതമാനത്തില്‍ നിന്ന് കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. റീപോ കുറഞ്ഞാലേ വായ്പ പലിശനിരക്ക് ബാങ്കുകള്‍ക്ക് കുറയ്ക്കാന്‍ സാധിക്കുകയുള്ളു.

അതേസമയം  നാണ്യപെരുപ്പത്തിന്റെ നട്ടെല്ല് തകര്‍ക്കാതെ വളര്‍ച്ചയെക്കുറിച്ച് ആലോചിക്കേണ്ടെന്ന് റിസര്‍വ് ബാങ്കില്‍ നടന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ദിന ചര്‍ച്ചയില്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു. നാണ്യപെരുപ്പം കുറയുന്നുണ്ടെങ്കിലും അത് സ്ഥിരമായി കുറഞ്ഞുനിന്നാലേ ബാങ്ക് നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയൂവെന്നാണ് രഘുറാം രാജന്റെ നിലപാട്.

ക്രൂഡ് വില കുറച്ചുനാളായി ഗണ്യമായി കുറഞ്ഞുനില്‍ക്കുന്നതുകൂടി പരിഗണിച്ച് രഘുറാം രാജന്‍ അത്ഭുതങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.