നവംബര്‍ ഒന്നു മുതല്‍ നീര പൊതുവിപണിയിൽ ലഭ്യമാകും

single-img
30 September 2014

neera-3-botlesനവംബര്‍ ഒന്നുമുതല്‍ നീര പൊതുവിപണിയിൽ ലഭ്യമാകും. 200 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുപ്പികളിലാക്കിയ നീരക്ക് ഒന്നിന് 30 രൂപയാണ് വിപണി വിലയായി നിശ്ചയിച്ചിരിക്കുന്നത്.  പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ 14 ജില്ലകളിലും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചാണ് വില്പന നടത്തുകയെന്ന് നാളികേരവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സബാഹ് പുല്‍പ്പറ്റ കാഞ്ഞങ്ങാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏലത്തൂരിലെ നാളികേരവികസന കോര്‍പ്പറേഷന്റെ യൂണിറ്റിലും പടന്നക്കാട് കാര്‍ഷിക കോളേജിലും നീലേശ്വരം കാര്‍ഷികഗവേഷണകേന്ദത്തിലും  നീര ഇപ്പോള്‍ വില്ക്കുന്നുണ്ട്.  നീര ഏല്ലാവരിലും എത്തിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്നും സബാഹ് പുല്‍പ്പറ്റ പറഞ്ഞു.

അഞ്ച് തെങ്ങ് നല്‍കാന്‍ തയ്യാറുള്ള കര്‍ഷകരില്‍നിന്ന് അതുവാങ്ങി അതത് സ്ഥലത്ത് സൊസൈറ്റികള്‍ രൂപവത്കരിച്ച് നീരയുടെ ഉത്പാദനം കൂട്ടാനും കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. ഒരു ലിറ്റര്‍ നീരയ്ക്ക് കര്‍ഷകന് 30 രൂപ നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ 2,000 ലിറ്റര്‍ നീരയാണ് വിപണിയിലെത്തിക്കുക. ഇതില്‍ 1000 ലിറ്റര്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍നിന്നും ബാക്കി ഏലത്തൂരിലെ കോര്‍പ്പറേഷന്റെ യൂണിറ്റില്‍നിന്നും സംസ്‌കരിക്കും. മൂന്നുമാസംവരെ കേടുവരാത്ത രീതിയിലാണ് സംസ്‌കരിക്കുക. പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നിവ അടങ്ങിയ നീര ആരോഗ്യധായമാണെന്ന് കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് പ്രൊഫ. ജയപ്രകാശ് നായ്ക് പറഞ്ഞു.

നീരയെടുക്കാനായി 17 ടെക്‌നീഷ്യന്മാര്‍ക്ക് പരിശീലനം നല്കും. ഇതിന്റെ ഉദ്ഘാടനം കാര്‍ഷിക കോളേജില്‍ സബാഹ് പുല്‍പറ്റ നിര്‍വഹിച്ചു.