റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി , വന്‍ ദുരന്തം ഒഴിവായതു തലനാരിഴയ്‌ക്ക്‌

single-img
29 September 2014

crackറെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി  വന്‍ ദുരന്തം ഒഴിവായതു തലനാരിഴയ്‌ക്ക്‌. കോട്ടയം-എറണാകുളം റെയില്‍പാതയില്‍ കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിനോട്‌ ചേര്‍ന്നുള്ള പാളത്തിൽ ആണ്  വിള്ളല്‍ കണ്ടെത്തിയത് .ഇന്നലെ രാവിലെ 7.30 നാണ്‌ സംഭവം. എറണാകുളത്തുനിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ കടന്നു പോകുന്നതിനു തൊട്ടുമുമ്പാണ്‌ ഗേറ്റ്‌മാന്‍ പാളത്തിലെ വിള്ളല്‍ കണ്ടത്‌.

ഇതേ ട്രെയിനിന്‌ സിഗ്നല്‍ കാണിക്കുന്നതിനായി പാളത്തിനു സമീപമെത്തിയപ്പോഴാണു പാളത്തിൽ വിള്ളൽ   കണ്ടെത്തിയത്‌. ഉടന്‍തന്നെ ഗേറ്റ്‌മാന്‍ അപകടവിവരം കോട്ടയത്തെ റെയില്‍വേയുടെ ഓഫീസില്‍ വിളിച്ചറിയിച്ചു.

പാസഞ്ചര്‍ ട്രെയിന്‍ ഉടന്‍ എത്തുമെന്നും അപകടമുന്നറിയിപ്പ്‌ നല്‍കണമെന്നും ഗേറ്റ്‌മാന്‍ അറിയിച്ചു. കോട്ടയത്ത്‌ ഗേറ്റ്‌മാന്റെ അറിയിപ്പെത്തി ഏതാനും മിനിറ്റിനുള്ളില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇതുവഴിയെത്തി.
കുറുപ്പന്തറ സ്‌റ്റേഷനില്‍നിന്നും വിട്ടശേഷമാണ്‌ അപകടവിവരമറിയിച്ചുകൊണ്ടുള്ള സന്ദേശം പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റിനു ലഭിച്ചത്‌.

ഉടന്‍തന്നെ ലോക്കോ പൈലറ്റ്‌ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും എന്‍ജിനും ബോഗികളും വിട്ടകന്ന ഭാഗത്തിലൂടെ കടന്നുപോയ ശേഷമാണ്‌ ട്രെയിന്‍ നിന്നത്‌. തുടര്‍ന്ന്‌ ട്രെയിന്‍ ഇവിടെ പിടിച്ചിട്ടു. പിന്നീട്‌ കോട്ടയത്തുനിന്നും സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള മെക്കാനിക്കല്‍ സംഘമെത്തി വിണ്ടകന്നുനിന്നിരുന്ന പാളത്തിന്റെ രണ്ടു വശങ്ങളിലും ആംഗ്ലെയില്‍ സ്‌ഥാപിച്ച ശേഷം നട്ടും ബോള്‍ട്ടും ഉപയോഗിച്ചു പാളം തെന്നി മാറാത്ത വിധത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു.

അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറോളം കഴിഞ്ഞാണ്‌ ട്രെയിന്‍ കടത്തിവിട്ടത്‌. പാസഞ്ചര്‍ ട്രെയിന്‍ എത്തും മുമ്പ്‌ തിരുവനന്തപുരത്തിനുള്ള വഞ്ചിനാട്‌ എക്‌സ്‌പ്രസ്‌ ഇതുവഴി കടന്നു പോയപ്പോള്‍ പാളത്തില്‍നിന്നും വന്‍ശബ്‌ദം ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു.30 കിലോ മീറ്റര്‍ വേഗതയിലാണ്‌ ഇതുവഴി ട്രെയിനുകള്‍ കടന്നു പോകുന്നത്‌.