നാളെ മുതൽ ഓർക്കുട്ടില്ല! ഓർക്കുട്ടിന്റെ സേവനം ഗൂഗിൾ അവസാനിപ്പിക്കുന്നു

single-img
29 September 2014

delete-new-orkut1നമുക്ക് ഓൺലൈൻ സൗഹൃദത്തിന്റെ പുതിയ വഴികൾ തുറന്ന് തന്ന ഓർക്കുട്ട് നമ്മിൽ നിന്നും മണിക്കൂറുകൾക്കകം യാത്രപറയും. ദശാബ്ദങ്ങൾക്ക് മുൻപ് ഭാഷയുടേയും സംസ്കാരത്തിന്റേയും വേലിക്കെട്ടുകൾ നമ്മിൽ നിന്നും പൊളിച്ച് മാറ്റി സൗഹൃദത്തിനെ ഊട്ടിയുറപ്പിച്ച ഓർക്കുട്ട് സെപ്റ്റംബർ 30ന് വിസ്മൃതിയിലാകും. ആശാൻ പള്ളിക്കൂടത്തിൽ വെച്ച് നഷ്ടപ്പെട്ട കൂട്ടുകാരനെ അല്ലെങ്കിൽ കൂട്ടുകാരിയെ ഓർക്കുട്ടിലൂടെ നാം വീണ്ടെടുത്തിട്ടുണ്ട്. പ്രണയസാഭല്യങ്ങൾക്കും പ്രണയ നഷ്ടങ്ങൾക്കും അന്ന് ഓർക്കുട്ട് സാക്ഷിയായിരുന്നു.

സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളുടെ ശൈശവമായ ഓർക്കുട്ട് 2004 മുതലാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. വർഷങ്ങൾക്കിപ്പുറം ഫെയ്സ് ബുക്കിന്റെ തേരോട്ടത്തിൽ തകർന്നു വീഴുന്നത് വരെ ഓർക്കുട്ട് നമ്മുടെ സൗഹൃദത്തിന്റെ ഭാഗമായിരുന്നു.

നഷ്ടപ്പെട്ട് പോയ സുഹൃത്തിനെ തിരയുന്നതിനായി ‘ഓർക്കുട്ട് ബുയുക്കോട്ടെൻ’ എന്ന ടെക്കിയാണ് ഓർക്കുട്ടിനെ നിർമ്മിച്ചത് . പിന്നീട് ഗൂഗിൾ ഈ സംരംഭത്തെ ഏറ്റെടുക്കുകയായിരുന്നു. സ്ക്രാപ്പുകളിലൂടെ സൗഹൃദം പങ്കുവെച്ചിരുന്ന ഓർക്കുട്ടിന് കലത്തിനൊത്ത മാറ്റം വരുത്താൻ ഗൂഗിൾ പരാജയപ്പെട്ടതോടെ കൂട്ടുകാരെല്ലാം അവിടെന്ന് പടിയിറങ്ങി ഫെയ്സ്ബുക്കിലേക്ക് ചേക്കേറി.

വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന ഓർക്കുട്ടിനെ നിർത്തുന്നതിനെ പറ്റി ഗൂഗിൾ ഈ വർഷാദ്യം തന്നെ തീരുമാനിച്ചിരുന്നു. ഒടുവിൽ സെപ്റ്റംബർ 30 തോടെ ഓർക്കുട്ടിന്റെ പ്രവർത്തനം നിലക്കുമെന്ന് ഗൂഗിൾ അറിയിച്ചു. തങ്ങളുടെ മറ്റുള്ള സംരംഭങ്ങളിൽ ശ്രദ്ധ ചെലുത്താൻ വേണ്ടിയാണ്  ഓർക്കുട്ടിനെ നിർത്തുന്നതെന്നാണ് ഗൂഗിളിന്റെ ഭാഷ്യം.

കൂടാതെ ഓര്‍ക്കുട്ട് സമൂഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കൈവ് ചെയ്തു സൂക്ഷിക്കുമെന്നു ഗൂഗിള്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് തങ്ങളുടെ പോസ്റ്റുകള്‍ ‘ഡിലീറ്റ് ചെയ്യാവുന്നതാണ്. നാളെ ഓർക്കുട്ടിന്റെ സേവനം ഗൂഗിൾ അവസാനിപ്പിക്കുന്നതോടെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളുടെ ആദ്യപരിണാമത്തിന്റെ അന്ത്യത്തിനാണ് നാം സാക്ഷ്യം വഹിക്കുക.