അടച്ചുപൂട്ടാന്‍ തീരുമാനിച്ച ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു തിരുവനന്തപുരം നഗരസഭയുടെ അനുമതിപത്രം

single-img
26 September 2014

ngjfസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു തിരുവനന്തപുരം നഗരസഭയുടെ അനുമതിപത്രം. രണ്ടു ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കാണു നഗരസഭാ കൗണ്‍സില്‍ അനുമതിപത്രം നല്‍കിയത്. യുഡിഎഫ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഇടതുമുന്നണി തീരുമാനത്തെ ബിജെപി പിന്തുണച്ചു.

സപ്ലിമെന്‍ററി അജണ്ടയായാണ് ബിയര്‍, വൈന്‍ പാര്‍ലറുകളുടെ അനുമതിപത്രത്തിനുള്ള അപേക്ഷ ഭരണസമിതി കൗണ്‍സിലില്‍ കൊണ്ടുവന്നത്. പാപ്പനംകോട് വൈറ്റ്ഡാമര്‍ ബാറിന് ബിന്ധു എന്ന സ്ത്രീയും തിരുമല സിറ്റിപാലസ് ബാറില്‍ ഷബീക്കയുമാണ് അപേക്ഷകര്‍.

ഈ രണ്ട് അപേക്ഷകളിലും മതിയായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടേയും എന്‍ഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും അനുകൂല റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും മേയര്‍ കെ. ചന്ദ്രിക പറഞ്ഞു. ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി യുഡിഎഫ് അംഗങ്ങള്‍ ബഹളം വച്ചു.

ഇതോടെ വിഷയത്തില്‍ മേയര്‍ വോട്ടടുപ്പ് നിര്‍ദ്ദേശിച്ചു. ബിജെപി അംഗങ്ങള്‍ കൂടി അനുകൂലമായി വോട്ട് ചെയ്തതോടെ ഭൂരിപക്ഷ തീരുമാനമെന്ന നിലയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ നഗരസഭ അനുമതി പത്രം നല്‍കുന്നതായി മേയര്‍ അറിയിച്ചു.