മംഗള്‍യാന്‍ ചൊവ്വയിലെത്തി ഇനിയെങ്കിലും ജ്യോതിഷികള്‍ പെണ്‍കുട്ടികളെ വെറുതെ വിടണം:പി.കെ ശ്രീമതി

single-img
26 September 2014

PK-Sreemathi-Fullഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം മംഗള്‍യാന്‍ ചൊവ്വ ഗ്രഹത്തിലെത്തിയതും ചൊവ്വാദോഷവുമായി ബന്ധപ്പെടുത്തി പി.കെ ശ്രീമതി എം.പിയുടെ പരിഹാസം. ചൊവ്വാ ദോഷത്തിന്റെ പേരുപറഞ്ഞ് പെൺകുട്ടികളുടെ കല്ല്യാണം മുടക്കുന്ന ജ്യോതിഷ പണ്ഡിതന്മാർ ഇനിയെങ്കിലും അതിൽനിന്ന് പിന്മാറണമെന്നാണു ലോക്സഭാ എം.പി പി.കെ ശ്രീമതി പറയുന്നത്.

സ്വാമി സന്ദീപാനന്ദ ഗിരിയും ഇന്ത്യയുടെ ചൊവ്വ വിജയത്തിനു ശേഷം സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.മംഗൾയാൻ വിജയകരമായി , ഇനി ആർക്കും ചൊവ്വ ദോഷം ഇല്ല
ഭൂമി ചൊവ്വാ ഭായ് ഭായ് എന്നായിരുന്നു സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസിറ്റിന്റെ പൂർണ്ണരൂപം:
മംഗൾയാൻ ചൊവ്വയിലെത്തി.
ഇനിയെങ്കിലും ജ്യോതിഷികൾ പെൺകുട്ടികളെ വെറുതെ വിടണം…
ഇനിയെങ്കിലും ചൊവ്വ എന്ന ഗ്രഹത്തിന്റെ ‘ദോഷം ‘ മാറ്റി കൊടുക്കാൻ ജോതിഷികൾ തയ്യാറാവണം. രാശിപ്പലകയിലെ പാപസ്ഥാനത്ത് നിർത്തി ഒരു പാട് അധിക്ഷേപം ചൊരിഞ്ഞ ‘മംഗല്യം മുടക്കിയായ ‘ഈ ഗ്രഹത്തിന് അതിമാനുഷികമായ ഒരു ശക്തിയും ഇല്ലായിരുന്നു എന്ന് പറയാനും വിശ്വസിക്കാനും ഇനിയെങ്കിലും ജ്യോതിഷ പണ്ഡിതന്മാർ തയ്യാറാകണം. ഒരു പാട് കുടുംബങ്ങളുടെ കണീര് വീണ് നനഞ്ഞ ഒരു ഇരുണ്ട കാലഘട്ടത്തിന് ഇവിടെ തിരശീല വീഴട്ടെ.. വിശ്വാസത്തിൽ നിന്ന് തിരിച്ചറിവിലേക്കും, ഭയത്തിൽ നിന്ന് യാഥാത്ഥ്യത്തിലക്കുമുള്ള ദൂരമാണ് മംഗൾയാൻ താണ്ടിയത്