ആദ്യദൗത്യം, ഐതിഹാസിക വിജയം; മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍

single-img
24 September 2014

Mangalആദ്യ ഗ്രഹാന്തര ദൗത്യം തന്നെ ലക്ഷ്യം കണ്ട ആദ്യരാജ്യമെന്ന പദവിയിലേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി മംഗള്‍യാന്‍ ഐതിഹാസിക വിജയമായി. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകം മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ചൊവ്വയിലേക്കുള്ള കന്നിദൗത്യംതന്നെ വിജയമാക്കുന്ന ആദ്യത്തെ ബഹിരാകാശ ഏജന്‍സിയായി ഇതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന മാറി. ആ മുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബാംഗളൂരിലെ ഇസ്രോ ആസ്ഥാനത്ത് എത്തിയിരുന്നു.

എല്ലാം ഇന്ത്യയുടെ ശസ്ത്രജ്ഞര്‍ കണക്കുകൂട്ടിയതുപോലെ നടന്നു. ബുധനാഴ്ച പുലര്‍ച്ചെ 4:17:32 നു മംഗള്‍യാനുമായുള്ള വാര്‍ത്താവിനിമയത്തിനു മീഡിയം ഗെയിന്‍ ആന്റിന ഉപയോഗിച്ചതോടെയാണ് നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രാവിലെ 6:56:32 ന് നിശ്ചിത സമയത്തിന് 21 മിനിറ്റ് മുമ്പ് മംഗള്‍യാനിലെ മൊമന്റം വീല്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ തിരിച്ചു. 7:14:32 ന് പേടകത്തിലെ ചെറുമോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ നിര്‍ദിഷ്ട ലക്ഷ്യത്തിലേക്ക് ആക്കി. 7:17:32 ന് ദ്രവഇന്ധന എന്‍ജിന്‍ അഥവാ ലാം പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ എന്‍ജിന്‍ ജ്വലനം തുടങ്ങി 4.3 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചൊവ്വ കാഴ്ചയില്‍നിന്നു മറയുന്ന മാഴ്‌സ് ഒക്കള്‍ട്ട് തുടങ്ങിയത് ശാസ്ത്രജ്ഞര്‍ക്ക് അനിശ്ചിതത്വത്തിന്റെ നിമിഷം സമ്മാനിച്ചു. ഈ പ്രതിഭാസം 7:45:10 ന് അവസാനിച്ചു.

7:22:32 ന് ഈ പ്രതിഭാസത്തിന്റെ ഫലമായി പേടകവുമായുള്ള വാര്‍ത്താവിനിമയം മുറിഞ്ഞു. എന്നാല്‍ 7:30:02 ന് എന്‍ജിനില്‍ ജ്വലനം തുടങ്ങിയെന്ന വിവരം കിട്ടി. മിനിറ്റുകള്‍ക്കുമുമ്പ് നഷ്ടമായ വാര്‍ത്താവിനിമയം7:47:46 നു പുനരാരംഭിച്ചു. 7:42:46 മുതല്‍ 8:04:32 വരെ മംഗള്‍യാനെ വീണ്ടും തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. കാന്‍ബറയിലെ കേന്ദ്രത്തിലാണ് പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ആദ്യം ലഭിച്ചത്. നിമിഷങ്ങള്‍ക്കകം വിവരം ഐഎസ്ആര്‍ഒയ്ക്ക് കൈമാറിയതോടെ രാജ്യം ആനന്ദത്തിന്റെ പരകോടിയിലെത്തി.