സംസ്ഥാനത്തെ ഓട്ടോറിക്ഷ- ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

single-img
24 September 2014

download (14)യാത്രാനിരക്ക് ഉയര്‍ത്തണമെന്ന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ- ടാക്‌സി തൊഴിലാളികള്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. തൊഴിലാളി സംഘടനാ നേതാക്കളുമായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്.

 

ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 ആക്കാനും തുടര്‍ന്നുള്ള കിലോമീറ്റര്‍ ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്താനുമാണ് നിര്‍ദേശം. ഇത് അപ്പാടെ അംഗീകരിച്ച ഗതാഗത വകുപ്പ്, ടാക്‌സിയുടെ മിനിമം നിരക്ക് നൂറില്‍ നിന്ന് 200 ആക്കണമെന്ന നിര്‍ദേശം തള്ളി.

 

150 രൂപ ആക്കാമെന്നാണ് മന്ത്രിസഭായോഗത്തില്‍ ഗതാഗതവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഓട്ടോറിക്ഷ- ടാക്‌സിക്കൂലി വര്‍ധന ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ വീണ്ടും അവതരിപ്പിക്കാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത സമരസമിതിയുടെ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

 

വെള്ളക്കരവും മറ്റു നികുതികളും വര്‍ധിപ്പിച്ചതിനാലാണ് ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധന കഴിഞ്ഞ മന്ത്രിസഭായോഗം മാറ്റിവെച്ചത്. യാത്രാനിരക്ക് പുതുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി, യു.ടി.യു.സി എന്നീ യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.