ഇന്ത്യക്കാര്‍ക്ക് മാത്രമായി ഇ-മെയില്‍ സര്‍വീസുമായി കേന്ദ്രസർക്കാർ

single-img
24 September 2014

emailഇന്ത്യൻ സെര്‍വര്‍ ഉപയോഗിച്ചു കൊണ്ട് ഇന്ത്യക്കാര്‍ക്കു മാത്രമായി ഇ-മെയില്‍ സംവിധനം നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ.  മറ്റാര്‍ക്കും ഹാക്ക് ചെയ്യാനാവാത്ത വിധത്തില്‍ സുരക്ഷിതമായിട്ട് ആയിരിക്കും ഇ-മെയില്‍ സേവനം ആവിഷ്‌കരിക്കുക. ഇ-മെയില്‍ സര്‍വീസ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ്.

ഇന്ത്യയിലെ ഇ-മെയിലുകളുടെ സെര്‍വറുകള്‍ മറ്റു രാജ്യങ്ങളാണ് നിലവില്‍ കൈകാര്യം ചെയ്യുന്നത്. ഇത് പല സര്‍ക്കാര്‍ രേഖകളുടെയും സുരക്ഷിതത്വത്തില്‍ ആശങ്കകളുണ്ടാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയുടേതു മാത്രമായ സെര്‍വര്‍ വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചത്. ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് പ്രാപ്യമാകുന്നതിനായി യാഹു, ഗൂഗിള്‍ എന്നിവയോട് കൂടിച്ചേര്‍ത്തായിരിക്കും ഇ-മെയില്‍ സര്‍വീസ് വരുന്നത്.

തുടക്കത്തില്‍ കേന്ദ്രസര്‍ക്കാരില്‍ പരീക്ഷിക്കുന്ന ഇന്ത്യന്‍ ഇ-മെയില്‍ സര്‍വീസ് പതിയെ സംസ്ഥാന സര്‍ക്കാരുകളുടെ ആശയവിനിമയങ്ങള്‍ക്കും ഉപയോഗിക്കും. അവസാന ഘട്ടത്തില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സര്‍ക്കാരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്ന വിധത്തില്‍ പരിഷ്‌കരിക്കും. ഇമെയില്‍ ഡിസൈനിന്റെ ക്രമീകരണവും സര്‍ക്കാരിനുള്ള രൂപരേഖകളും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ജിമെയിലിന്റേയോ യാഹുവിന്റേയോ പ്ലാറ്റ്‌ഫോം ആയിരിക്കും  ഇന്ത്യന്‍ ഇ-മെയില്‍ സേവനം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇതുവഴിയുള്ള ആശയവിനിമയങ്ങള്‍ തീര്‍ത്തും ഔദ്യോഗികവും ഗൗരവമേറിയതും ആയിരിക്കും. ഗ്രൂപ്പ് എസ്.എം.എസ്, ചാറ്റ്, ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് എന്നീ സവിശേഷതകളും പുതിയ ഇ-മെയിലില്‍ ലഭിയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

2019 തോടെ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് 1.13ലക്ഷം കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.