ശബരിമലയുടെ ബേസ്‌ ക്യാമ്പായ നിലയ്‌ക്കലില്‍ ഇക്കുറിയും അവഗണന

single-img
23 September 2014

download (8)ശബരിമലയുടെ ബേസ്‌ ക്യാമ്പായ നിലയ്‌ക്കലില്‍ ഇക്കുറിയും അവഗണന . സീസണിനു മുമ്പ്‌ പൂര്‍ത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ പണിയാരംഭിച്ച പദ്ധതികളൊന്നും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.റോഡിന്റെയും പാര്‍ക്കിംഗ്‌ ഗ്രൗണ്ടിന്റെയും വികസനമാണ്‌ ഇപ്പോഴും ഇഴയുന്നത്‌.

 

റോഡ്‌ മുറിച്ച്‌ ഓടകള്‍ നിര്‍മിക്കുന്നതിനാല്‍ ഇതിന്റെ നിര്‍മാണത്തിനു ശേഷം മാത്രമേ റോഡ്‌ ടാര്‍ ചെയ്യാന്‍ കഴിയു. ഓട നിര്‍മാണം അനിശ്‌ചിതമായി വൈകുന്നതിനാല്‍ സീസണിനു മുമ്പ്‌ റോഡ്‌ ഗതാഗത യോഗ്യമാകാനുള്ള സാധ്യത കുറവാണ്‌.

 

ശക്‌തമായ പൊടിയും ദുര്‍ഘടമായ യാത്രയുമാണ്‌ റോഡുകളിൽ അയ്യപ്പഭക്‌തരെ കാത്തിരിക്കുന്നത്‌.
എല്ലാ വര്‍ഷവും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന റോഡ്‌ നന്നാക്കാന്‍ ദേവസ്വം ബോര്‍ഡ്‌ ലക്ഷങ്ങളാണ്‌ ഇവിടെ ചെലവാക്കുന്നത്‌.
ഇതിനു പ്രതിവിധിയായാണ്‌ കോണ്‍ക്രീറ്റ്‌ ഓടകള്‍ നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌. ഈ ഓടകള്‍ നിര്‍മിക്കുന്നതിന്‌ നിലവാരം കറഞ്ഞ കമ്പികളാണ്‌ ഉപയോഗിക്കുന്നതെന്ന ആക്ഷേപവും ശക്‌തമാണ്‌.

 

പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ നവീകരണമായിരുന്നു അധികൃതരുടെ മറ്റൊരു പ്രഖ്യാപിത പദ്ധതി. ഗ്രൗണ്ട്‌ നിരപ്പാക്കി ഉറപ്പിച്ചശേഷം ടൈല്‍ പാകാനായിരുന്നു ഉദ്ദേശ്യം. ഇതിനായി കോടികള്‍ ചെലവഴിച്ച്‌ ടൈലുകള്‍ നിലയ്‌ക്കലില്‍ എത്തിച്ചെങ്കിലും ഗ്രൗണ്ട്‌ നിരപ്പാക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ അവ കൂട്ടിയിട്ടിരിക്കുകയാണ്‌.

 
അതുപോലെ തന്നെ നിലയ്‌ക്കലിലുള്ള രണ്ട്‌ കുളങ്ങള്‍ ശുദ്ധീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ തവണ വൈകിട്ട്‌ ആറിനു ശേഷം കരാറുകാരന്‍ ശൗചാലയം പൂട്ടി സ്‌ഥലം വിട്ട സംഭവം ഉണ്ടായിട്ടുണ്ട്‌. വാട്ടര്‍ കിയോസ്‌ക്കുകളുടെ ടാപ്പുകള്‍ പലതും നശിച്ചു. ഇവ മാറ്റാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. പല ടാപ്പുകളും മോഷണം പോയി. ചിലത്‌ ഒടിച്ചുകളഞ്ഞിരിക്കുന്നു.

 

ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നവീകരണമാണ്‌ മറ്റൊരു പ്രശ്‌നം. കഴിഞ്ഞ സീസണിലാണ്‌ ഇതിന്റെ പണികള്‍ ആരംഭിച്ചത്‌. ഇപ്പോള്‍ ശ്രീകോവിലിനു മുകളില്‍ ചെമ്പ്‌ തകിട്‌ പാകുന്ന പണികള്‍ നടക്കുന്നതേയുള്ളൂ. സീസണിനു മുമ്പ്‌ പണി പൂര്‍ത്തീകരിച്ച്‌ താഴികക്കുടത്തിന്റെ പ്രതിഷ്‌ഠ നടത്തുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.