സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് വ്യാജപരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കും മാതാപിതാക്കള്‍ക്കുമെതിരെ ജാമ്യമില്ലാ അറ്‌സ്റ്റ് വാറണ്ട്

single-img
22 September 2014

Ranjitha_mangaloreതന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വ്യാജപരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരേ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ. ഗുരുകാന്ത് റാവിന്റെ ഭാര്യ ദാവന്‍ഗെരെ സ്വദേശിനി ഡോ. രഞ്ജിത ഷേണായിക്കെതിരേയാണു മംഗലാപുരം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

കോടതിയുടെ അസാധാരണ വിധി, രഞ്ജിതയുടെ ഭര്‍തൃപിതാവും മണിപ്പാലിലെ അറിയപ്പെടുന്ന ഡോക്ടറുമായ എന്‍. ആര്‍. റാവു നല്‍കിയ പരാതി പ്രകാരമാണ്. വിവാഹശേഷം 15 ദിവസം മാത്രം ഒന്നിച്ചു കഴിഞ്ഞശേഷം ദാവന്‍ഗെരെയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കണമെന്നു ഗുരുകാന്ത് റാവുവിനോട് രഞ്ജിത ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഗുരുകാന്ത് റാവു കൂട്ടാക്കാത്താതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ പേരില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയ രഞ്ജിത വിവാഹ മോചനത്തിനു ശ്രമിക്കുകയും നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ സ്ത്രീധനപീഡനത്തിനു പോലീസില്‍ കേസ് നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഗുരുകാന്ത് റാവു പണം നല്‍കാന്‍ വിസമ്മതിച്ചതോടെ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു ഭര്‍ത്താവ് ഗുരുകാന്ത് റാവുവും ഭര്‍തൃപിതാവ് ഡോ.എന്‍.ആര്‍. റാവുവും ചേര്‍ന്നു തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വീട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തിരിക്കുന്നെന്ന് കാട്ടി രഞ്ജിത പാണ്ഡേശ്വരം പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തിനിടെ രഞ്ജിതയുടെ മാതാപിതാക്കളായ രത്‌നാകര്‍ ഷേണായിയും റാണി ഷേണായിയും മകള്‍ നല്‍കിയ അതേ മൊഴിതന്നെയാണു പോലീസിനു നല്‍കിയത്.

പോലീസ് അന്വോഷണത്തിലും ഗുരുകാന്ത് റാവുവിനെയും മാതാപിതാക്കളെയും അയല്‍ക്കാരെയും പോലീസ് വിശദമായി ചോദ്യംചെയ്തതിന്റെയും അടിസ്ഥാനത്തില്‍ ഗുരുകാന്ത് റാവുവോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ രഞ്ജിതയെ ഒരുതരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും രഞ്ജിത നല്‍കിയ പരാതി വ്യാജമാണെന്നും പോലീസിനു ബോധ്യമായി. ഇതോടെ പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍, മരുമകള്‍ നല്‍കിയ വ്യാജപരാതിയെത്തുടര്‍ന്നു കുടുംബത്തിന്റെ സല്‍പ്പേരിനു കളങ്കം വന്നുവെന്നും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയ രഞ്ജിതയ്ക്കും മാതാപിതാക്കള്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡോ.റാവു പ്രമുഖ അഭിഭാഷകനായ പി.പി. ഹെഗ്‌ഡെ മുഖേന അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീധനപീഡനത്തിന്റെ പേരില്‍ വ്യാജപരാതി നല്‍കിയ ഡോ. രഞ്ജിതയും മാതാപിതാക്കളും കള്ളസാക്ഷ്യം പറയുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്നും സ്ത്രീധനവിരുദ്ധ നിയമത്തെ അപഹസിച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.