പ്രിയം സിനിമയിലെ കുഞ്ഞു ചിരിക്കുടുക്ക മഞ്ജിമയെ ഓര്‍മ്മയില്ലേ? ആ മഞ്ജിമ വരുന്നു, നിവിന്‍ പോളിയുടെ നായികയായി

single-img
22 September 2014

manjimaherioneപ്രിയം സിനിമയിലെ കുഞ്ഞു ചിരിക്കുടുക്ക മഞ്ജിമയെ ഓര്‍മ്മയില്ലേ? കുഞ്ചാക്കോ ബോബന്റെ ചേട്ടന്റെ മകളായി അഭിനയിച്ച ആ മഞ്ജിമ തിരിച്ചു വരികയാണ്. പക്ഷേ ആ രണ്ടാം വരവിന് നായികയായിട്ടാണെന്നുള്ള ഒരു പ്രത്യേകതയുണ്ട്.

സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ പുതുമുഖം പ്രജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഡെയ്‌സി എന്ന കഥാപാത്രമായാണ് മഞ്ജിമ എത്തുന്നത്. അതും നിവിന്‍ പോളിയുടെ നായികയായി. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം തുടങ്ങുമെന്നാണ് അറിയുന്നത്.

ചെന്നൈ സ്‌റ്റെല്ലാ മാരിസ് കോളജില്‍ നിന്ന് ബിഎസ്‌സി പാസായ ശേഷമാണ് മഞ്ജിമയുടെ രണ്ടാം സിനിമാ പ്രവേശം. പ്രജിത് പുതിയ സിനിമയുമായി മഞ്ജിമയുടെ പിതാവ് വിപിന്‍ മോഹനെയും ഭാര്യ ഗിരിജയെയും സമീപിച്ചപ്പോള്‍ ഇരുവരും സമ്മതം മൂളുകയായിരുന്നു.

വിനോദ് ഷൊര്‍ണൂരിന്റെ നിര്‍മാണ കമ്പനിയായ കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ആദ്യ സിനിമാസംരഭമാണിത്. മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും മഞ്ജിമയ്ക്ക് ലഭിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ മറ്റൊരു സംവിധായകനു തിരക്കഥയെഴുതുന്നതെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.