മംഗള്‍യാന്‍ ആദ്യജ്വലനം വിജയം; രാജ്യം കാത്തിരുന്ന ആ മുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

single-img
22 September 2014

mangalyaan-probeഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനം മംഗള്‍യാന്റെ ചൊവ്വാ പ്രവേശനത്തിനു മുന്നോടിയായുള്ള, മുന്നൂറുദിവസമായി ഉറക്കത്തിലായിരുന്ന ലാം എന്‍ജിനെ വിളിച്ചുണര്‍ത്തുന്ന ഘട്ടം ഇസ്രോ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ലിക്വിഡ് അപ്പോജി മോട്ടോര്‍ എന്ന ലാം എന്‍ജിനെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ജ്വലിപ്പിച്ചത്. പരീക്ഷണാര്‍ഥം നാലു സെക്കന്‍ഡ് മാത്രമാണ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചത്. എന്‍ജിന്‍ ജ്വലിപ്പിക്കാനുള്ള നിര്‍ദേശം നല്കി 12 മിനിറ്റിനു ശേഷമാണ് പേടകത്തില്‍ നിന്നു വിവരം ലഭിച്ചത്. ഇതോടെ ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ ചൊവ്വയുടെ സ്വാധീനമണ്ഡലത്തിലുള്ള മംഗള്‍യാന്‍ പൂര്‍ണസജ്ജമായി.

ലാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്ലാന്‍-ബി എന്ന പേരില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബദല്‍ സംവിധാനവും പേടകത്തില്‍ ഒരുക്കിയിരുന്നു. രാജ്യം കാത്തിരിക്കുന്ന നിര്‍ണായകദിനം ബുധനാഴ്ചയാണു. അന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17-ന് ദൗത്യം തുടങ്ങും. ആ സമയം ഭൂമിയില്‍നിന്ന് 12 മിനിറ്റിലേറെയെടുക്കും സന്ദേശം മംഗള്‍യാനിലെത്താന്‍. എന്തെങ്കിലും പ്രതികരണമറിയാന്‍ അരമണിക്കൂറോളം കാത്തിരിക്കേണ്ടിവരും. ലാം എന്‍ജിന്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ വേഗം കുറച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിപ്പിക്കുന്നത്.

അന്നു ചെറിയൊരു ഗ്രഹണവും ഉപഗ്രഹത്തെ ബാധിക്കും. ചൊവ്വാഗ്രഹം ഉപഗ്രഹത്തെ ഭൂമിയില്‍നിന്നു മറയ്ക്കും. രാവിലെ 7.12 മുതല്‍ 7.37 വരെയാണ് ഈ ചെറു ഗ്രഹണസമയത്ത് സന്ദേശവിനിമയം നടക്കില്ല. അതിനാല്‍ അന്നു നടത്തേണ്ട കാര്യങ്ങള്‍ ഭൂമിയില്‍നിന്നു നിയന്ത്രിക്കാതെ ഉപഗ്രഹത്തില്‍ നിന്നുതന്നെ നിയന്ത്രിക്കും.