മതമേതെന്ന് നോക്കാതെ പ്രണയിതാക്കളെ ഒന്നിപ്പിക്കാന്‍ ലൗ കമാന്റോസ് എത്തിക്കഴിഞ്ഞു; നാലു വര്‍ഷത്തിനുള്ളില്‍ ഇവര്‍ ഒന്നിപ്പിച്ചത് 30,000 ജോഡികളെ

single-img
22 September 2014

Loveഅന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ വിവാഹം കഴിക്കുന്ന ലൗജിഹാദും അതിനെ ചെറുക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ വിഭാവനം ചെയ്ത ഗോമൂത്രവുമൊക്കെ തല്‍ക്കാലം മറക്കാം. ജാതിമത ഭേദമന്യേ നാലു വര്‍ഷത്തിനിടെ 30,000 ജോഡികളെയാണ് ഒന്നിപ്പിച്ചുകൊണ്ട് ലൗ കമാന്റോസ് സംഘടന ഡല്‍ഹി കീഴടക്കുകയാണ്.

മതമേതാണെന്നു നോക്കാതെ പ്രണയിച്ചവരെ വിവാഹം കഴിക്കാന്‍ സഹായിക്കുന്ന സംഘടനയാണ് ലൗ കമാന്‍ഡോസ്. പ്രണയിക്കുന്നവരുടെ ജാതിയോ മതമോ സമുദായമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെയാണ് തങ്ങള്‍ പ്രണയിതാക്കളെ ഒന്നിക്കാന്‍ സഹായിക്കുന്നതെന്നും ലൗ കമാന്‍ഡോസിന്റെ ചെയര്‍മാന്‍ സഞ്‌ജോയ് സഛ്‌ദേവ് പറഞ്ഞു.

പ്രണയിക്കുന്നവരോട് വിദ്വേഷമുള്ള മാതാപിതാക്കളില്‍ നിന്നും പോലീസുകാരുടെ മാനസിക പീഡനത്തില്‍ നിന്നും അവരെ സംരക്ഷിച്ച് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വിവാഹത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. 2010ലാണ് ലൗ കമാന്റോസ് ആദ്യമായി പ്രണയിതാക്കള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ചത്.

ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കിയ യുവാവിനെ മോചിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍
രണ്ടു ഹെല്‍പ് ലൈന്‍ നമ്പറുകളും സംഘടനയ്ക്കുണ്ട്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴ് അഭയ കേന്ദ്രങ്ങളാണ് ലൗ കമാന്റോസിനുള്ളത്. എന്നാല്‍ രാജ്യത്തുടനീളം അഭയകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘടനയുടെ വക്താക്കള്‍ വ്യക്തമാക്കി. മാത്രമല്ല ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത സാമ്പത്തിക സ്ഥിതിയില്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്ന് തങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിയ്ക്കുന്നുണ്ടെന്നും അവര്‍ ശവളിപ്പെടുത്തി. കമിതാക്കളുടെ ഭക്ഷണം, വൈദ്യുതി, വസ്ത്രം തുടങ്ങിയവയ്ക്കായി നല്ലൊരു തുക ചെലവാകുന്നുണ്ടെങ്കിലും പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു പോകുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.