സിവില്‍ സപ്ലൈസ് വകുപ്പില്‍ ആവശ്യമുള്ളതിന്റെ ഇരട്ടി ജീവനക്കാര്‍ ജോലി ചെയ്യുന്നു

single-img
22 September 2014

downloadസാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടം തിരിയുമ്പോൾ സിവില്‍ സപ്ലൈസ് വകുപ്പില്‍ ആവശ്യമുള്ളതിന്റെ ഇരട്ടി ജീവനക്കാര്‍ ജോലി ചെയ്യുന്നു. കൂടുതല്‍ ആളുകളെ വകുപ്പില്‍ നിയമിച്ച് സപ്ലൈകോയിലേക്ക് ഡെപ്യൂട്ടേഷനു വിടുന്നതുമൂലം വര്‍ഷത്തില്‍ 50 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാകുന്നത്.

 

സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് വകുപ്പിലുള്ളത് 24 ജില്ലാ സപ്ലൈ ഓഫീസര്‍മാരാണ്. 56 താലൂക്കുകള്‍ക്കായി 181 താലൂക്ക് സപ്ലൈ ഓഫീസര്‍മാരും 205 അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീര്‍മാരും ഉണ്ട്.

 

350 റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്ത് എഴുന്നൂറ്റമ്പതോളം പേരാണ് ഉള്ളത്. 637 യു.ഡി. ക്ലര്‍ക്കുമാരും 733 എല്‍.ഡി. ക്ലര്‍ക്കുമാരും വകുപ്പിലുണ്ട്. ഇതും 350 വീതം മതിയെന്നാണ് കണക്ക്. 1300 ജീവനക്കാര്‍ വേണ്ടിടത്ത് 3000-ത്തോളം പേരാണ് വകുപ്പില്‍ ജീവനക്കാരായുള്ളത്.

 

അധികജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ നിയമനംമൂലം ഓരോ വര്‍ഷവും 50 കോടി രൂപയെങ്കിലും അധികച്ചെലവു വരുന്നുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ കണക്ക്. 36 കോടിയോളം രൂപ ശമ്പളമിനത്തിലും ഇതിന്റെ 15 ശതമാനം പെന്‍ഷന്‍ അടവും മറ്റു ചെലവുകളുമാണ്.

 

ഉപഭോക്താക്കള്‍ക്ക് വേണ്ടരീതിയില്‍ സേവനം നല്‍കാനും വര്‍ദ്ധിച്ച തോതിലുള്ള ഡെപ്യൂട്ടേഷന്‍ തടസ്സമാകുന്നുണ്ട്. അഞ്ചുവര്‍ഷം ഇടവിട്ടാണ് ഡെപ്യൂട്ടേഷന്‍ നല്‍കുന്നത്. രണ്ടു സ്ഥാപനങ്ങളിലെയും ജോലി വ്യത്യസ്തമാണ്.