പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ഓട്ടോയില്‍ എസ്.ഐ. ചാടിക്കേറി; ഓട്ടോ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു: ബൈക്കില്‍ വന്ന മൂന്നുവയസ്സുകാരിക്കും എസ്.ഐക്കും ഗുരുതര പരിക്ക്

single-img
22 September 2014

Outoരാത്രിയില്‍ വാഹന പരിശോധന നടക്കുന്നതിനിടെ നിര്‍ത്താതെ ഓടിച്ചുപോയ ഓട്ടോറിക്ഷയില്‍ എസ്‌ഐ പിന്‍തുടര്‍ന്ന് ചാടിക്കയറി. എസ്‌ഐയുമായി ഓടിച്ചുപോയി നിയന്ത്രണംവിട്ട് ഓട്ടോ എതിരേ വന്ന ബൈക്കിലിടിച്ചു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. റോഡില്‍ തെറിച്ചു വീണു തലക്കു ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരംകുളം പൊട്ടക്കുളം സ്വദേശി രാജീവ് എന്ന് വിളിക്കുന്ന സജു (30) ആണ് മരിച്ചത്. ബൈക്കില്‍നിന്നു തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ മൂന്നു വയസുകാരിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ കാഞ്ഞിരംകുളം എസ്‌ഐ സിജു കെ.എല്‍. നായരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരംകുളം കൈവന്‍വിളക്ക് സമീപം ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കാഞ്ഞിരംകുളം ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ സിജു കെ.എല്‍. നായരും സംഘവും പോലീസിനെ കണ്ടു വെട്ടിത്തിരിച്ച് അതിവേഗം ഓടിച്ചുപോയ ഓട്ടോയെ പിന്തുടര്‍ന്നു. കൈവന്‍വിളയില്‍ എത്തിയതോടെ എസ്‌ഐ ഓട്ടോയിലേക്കു ചാടിക്കയറി. ഇതോടെ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ഓട്ടോ റോഡില്‍ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ സജു തത്ക്ഷണം മരിച്ചു. ബൈക്കിലുണ്ടായിരുന്ന ആഞ്ജനേയയെ (മൂന്ന്) എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്തതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കലയാണു മരിച്ച സജുവിന്റെ ഭാര്യ. മകന്‍ : സജിലാല്‍. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.