നാസയില്‍ ജോലി ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിക്കണമെന്ന് നാസ; അതിന് വേറെ ആളെ നോക്കണമെന്ന് അരുണ്‍: ഒടുവില്‍ അരുണിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ നാസ വഴങ്ങി

single-img
20 September 2014

Arunഇനി എത്ര വലിയ ജോലിയായിരുന്നാലും തനിക്ക് ഇന്ത്യക്കാരനായിരുന്നാല്‍ മതിയെന്ന അരുണിന്റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ നാസ ഒടുവില്‍ കുമ്പിട്ടു. നാസയില്‍ യുവശാസ്ത്രജ്ഞനായി ജോലി ലഭിച്ച കോട്ടയം മണിമല സ്വദേശി ടി.വി.അരുണാണ് ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ നിലപാടിലൂടെ അമേരിക്കയുടെ മനസ്സുകീഴടക്കിയത്.

അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു മാത്രമേ നാസയില്‍ ജോലിചെയ്യാന്‍ കഴിയുള്ളു എന്നാണ് നിലവിലെ വ്യവസ്ഥ. മറ്റു രാജ്യങ്ങളില്‍നിന്നുള്ള അരുണിനോടൊപ്പം ജോലി ലഭിച്ച വരെല്ലാം ഈ വ്യവസ്ഥ അംഗീകരിച്ചപ്പോള്‍ ഇന്ത്യന്‍ പൗരനായി തുടരാനാണ് തനിക്ക് താല്പര്യമെന്നും അമേരിക്കന്‍ പൗരത്വമെടുക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും അരുണ്‍ നാസയെ അറിയിച്ചു. ഒടുവില്‍ അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അധികൃതര്‍ കീഴടങ്ങി. അമേരിക്കന്‍ പൗരത്വമില്ലാതെ ഇന്ത്യക്കാരനായി തന്നെ അരുണ്‍ ജോലിയില്‍ പ്രവേശിച്ചു.

അരുണിന്റെ നിശ്ചയദാര്‍ഡ്യത്തിന് പ്രത്യേക പരിഗണനയാണ് നാസ അധികൃതരില്‍നിന്നും അമേരിക്കന്‍ സര്‍ക്കാരില്‍നിന്നും കിട്ടിയത്. ഇക്കാര്യങ്ങള്‍ അറിഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയും അദ്ദേഹം അരുണിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് തിരക്കിനിടയിലും അരമണിക്കൂറോളം സംസാരിക്കുകയും ചെയ്തു. അരുണ്‍ എപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്നാഗ്രഹിച്ചാലും തന്നെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മണിമല ചെറുവള്ളി പാട്ടത്തേല്‍ വിജയകുമാറിന്റെയും പത്മകുമാരിയുടെയും മകനാണ് 27കാരനായ അരുണ്‍. ആതിര ഏക സഹോദരിയാണ്.