ഇന്ത്യയില്‍ ആദ്യമായി വിമാനം ഇറങ്ങിയിട്ട് 90 വര്‍ഷമാകുന്നു; പക്ഷേ അത് ആഘോഷിക്കുന്നത് ഇന്ത്യക്കാരല്ല

single-img
19 September 2014

First-Flightഇന്ത്യയില്‍ ആദ്യമായി വിമാനം ഇറങ്ങിയിട്ട് 90 വര്‍ഷമാകുന്നു. എന്നാല്‍ ഇന്ത്യക്കാരല്ല, ബ്രിട്ടീഷ് എയര്‍വേയ്‌സ് ആണ് ഇന്ത്യയിലെത്തിയതിന്റെ തൊണ്ണൂറാം വര്‍ഷം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി മുംബൈ-ലണ്ടന്‍ യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് നിരക്കില്‍ 90 ശതമാനം ഇളവെന്ന വമ്പന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കിംഗ് ജോര്‍ജിന്റേയും ക്വീന്‍ മേരിയുടേയും ഇന്ത്യ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഗേറ്റ് വേ ഓഫ് ഇന്ത്യ നിര്‍മിച്ച കാലം മുതലാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ഇന്ത്യന്‍ പറക്കലിനുള്ള ശ്രമങ്ങള്‍ നടത്തിയത്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുന്‍ഗാമിയായിരുന്ന ഇംപീരിയല്‍ എയര്‍വേയ്‌സാണ് ഈ സ്വപ്‌നം ആദ്യമായി സാക്ഷാത്കരിച്ചത്.

ഇംപീരിയല്‍ എയര്‍വേയ്‌സ് വിമാനം 1924 നവംബര്‍ 10ന് ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്തിയ പരീക്ഷണപ്പറക്കലാണ് ഇന്ത്യയിലേയ്ക്കുള്ള ആദ്യ വാണിജ്യ വിമാനത്തിന് വഴിയൊരുക്കിയത്. ബ്രിട്ടീഷ് എയര്‍വേസിന്റെ ‘ദ ഹവിലാന്‍ഡ് ഡിഎച്ച് 66 ഹെര്‍ക്കുലീസ്’ എന്ന വാണിജ്യ വിമാനം 1929 ല്‍ ഇന്ത്യയിലേയ്ക്ക് പറന്നു. ആ യാത്രയില്‍ നാലു വ്യത്യസ്ത എയര്‍ക്രാഫ്റ്റുകളും 20 സ്‌റ്റോപ്പുകളുമാണ് ഉണ്ടായിരുന്നത്. ലണ്ടന്‍, പാരീസ്, റോം, അലക്‌സാണ്ട്രിയ ഇങ്ങനെ വിവിധ ദിശകളിലൂടെയാണ് ഇന്ത്യയിലേയ്ക്ക് അന്ന് ആ സംഘം സഞ്ചരിച്ചത്.

ബ്രിട്ടീഷ് എയര്‍വേസ് ലണ്ടനിലെ മ്യൂസിയത്തില്‍ ഇതിന്റെ ഓര്‍മ പുതുക്കല്‍ പോലെ നിരവധി ചിത്രങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. 1924 ല്‍ നിലവില്‍ വന്ന എയര്‍ലൈന്‍ സേവനത്തിന് 1974 ലാണ് ബ്രിട്ടീഷ് എയര്‍വേസ് എന്ന പേര് ലഭിച്ചത്.