കോടതിയില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ വാഹനം വേണമെന്ന് ബിന്ധ്യയും റുക്‌സാനയും; അങ്ങനെയെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ മതിയെന്ന് പോലീസ്

single-img
18 September 2014

ruksanaകോടതിയില്‍ പോകാന്‍ കൊച്ചി ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതികളായ ബിന്ധ്യയും റുക്‌സാനയും പോലീസ് അകമ്പടിയോടെ സര്‍ക്കാര്‍ വാഹനം വേണമെന്നാവശ്യപ്പെട്ട് വനിതാ ജയിലില്‍ ബഹളം വച്ചു. ബലപ്രയോഗത്തിലൂടെ പോലീസ് ഇരുവരെയും കെഎസ്ആര്‍ടിസി ബസില്‍ പോലീസ് സംരക്ഷണയില്‍ കോടതിയിലെത്തിച്ചു.

അട്ടക്കുളങ്ങര വനിതാ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിന്ധ്യയെയും റുക്‌സാനയെയും കൊല്ലത്തെ മറ്റൊരു കേസില്‍ കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാനൊരുങ്ങവെയാണ് സര്‍ക്കാര്‍ വാഹനത്തിനായി പിടിവാശി പിടിച്ചത്. ഫോര്‍ട്ട് പോലീസ് കൊല്ലം കോടതിയില്‍ ഹാജരാക്കാനുള്ള വാറന്റുമായി ജയിലിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് പോലീസ് ജീപ്പോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ വാഹനമോ ഉപയോഗിച്ച് പോലീസ് അകമ്പടിയോടെ കോടതിയിലെത്തിക്കണമെന്ന് പറഞ്ഞത്.

എന്നാല്‍ ഈ ആവശ്യം നടക്കില്ലെന്നും കെഎസ്ആര്‍ടിസി ബസില്‍ കൊണ്ടുപോകാനാണ് അനുമതിയുള്ളതെന്നും ഫോര്‍ട്ട് പോലീസ് ഇരുവരോടും പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ തയാറായില്ല. ഈ വിവരം ഡിസിപി അജീതാബീഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരേയും കെഎസ്ആര്‍ടിസി ബസില്‍ തന്നെ കോടതിയിലെത്തിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

തുടര്‍ന്ന് വനിതാ പോലീസ് റുക്‌സാനയെയും ബിന്ധ്യയെയും ബലമായി കെഎസ്ആര്‍ടിസി ബസില്‍ കയറ്റി കോടതിയിലെത്തിക്കുകയായിരുന്നു. കൊല്ലത്തെ ഒരു വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ ബ്ലാക്കമെയില്‍ വഴി തട്ടിയെടുത്ത കേസിനാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.