പ്രേമാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

single-img
18 September 2014

murder_shajahanപാലക്കാട്: പ്രേമാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചു. പ്രതി ചിറ്റൂര്‍ തേമ്പാറമട സ്വദേശി ഷാജഹാനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട്‌സ് ആന്‍ഡ് സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

2009 ഓഗസ്റ്റ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചിക്കോട് സ്വകാര്യ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കണക്കമ്പാറ സ്വദേശിനി അഞ്ജുഷ(19)യാണ് കൊല്ലപ്പെട്ടത്. കോളജില്‍ നിന്നു വീട്ടിലേക്കു കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങുകയായിരുന്ന അഞ്ജുഷയെ ബൈക്കിലെത്തിയ ഷാജഹാന്‍ കൂട്ടുകാരികളെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷം കഴിച്ച ശേഷം കത്തിയുമായി ഒരു മണിക്കൂറോളം റോഡില്‍ കിടന്ന ഷാജഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ചിറ്റൂര്‍ തേമ്പാറമട മുകുന്ദന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജുഷ. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഷാജഹാന്‍ പിന്തുടര്‍ന്നു ശല്യപ്പെടുത്തുന്നുവെന്ന് അഞ്ജുഷ വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു.