ഇന്ത്യ ചൈന സൗഹൃദ ബന്ധം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ്

single-img
18 September 2014

modi-chinaഇന്ത്യ ചൈന സൗഹൃദ ബന്ധം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ്. ഇന്ത്യയിലെ തന്റെ ആദ്യ സന്ദർശനം നിരവധി മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും പ്രതീക്ഷിക്കുന്നതായും മറ്റുള്ളവരുടെ സംസ്കാരത്തെ ഉൾക്കോള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചയ്ക്കു മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ധനമന്ത്രി അരുണ്‍ജെറ്റ്‌ലിയും പങ്കെടുത്തു. ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് അദ്ദേഹം രാഷ്ട്രപതി ഭവനില്‍ എത്തിയത്.  ഇന്ന് രാവിലെ ചിന്‍പിങ്ങ് രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തി.

ഇന്ത്യയില്‍ ചൈനീസ് കമ്പനികള്‍ അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകളില്‍ ധാരണയാകും.ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി സഹകരിക്കാനും ചൈനയ്ക്ക് താല്‍പര്യമുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെയും നേതൃത്വത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുന്നത്.

അരുണാചല്‍ പ്രദേശുകാര്‍ക്ക് പ്രത്യേക വീസ നല്‍കുന്നത് ചൈന അവസാനിപ്പിക്കാത്തതിനാല്‍ വീസ ഉദാരണവല്‍ക്കരണ കരാറില്‍ ഒപ്പിടാനാകില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അരുണാചലുകാര്‍ക്ക് പ്രത്യേക വീസ നല്‍കുന്ന പ്രശ്‌നത്തിനു പുറമേ ലഡാക്കില്‍ ചൈനീസ് പട്ടാളം നടത്തുന്ന അതിര്‍ത്തി ലംഘനവും ചര്‍ച്ചയാകും.

പ്രസിഡന്റ് ഇന്ത്യല്‍ സന്ദര്‍ശനം നടത്തുന്നതിന് തൊട്ടു മുമ്പും ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറിയിരുന്നു. ഇക്കാര്യവും ഇന്നത്തെ ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന. വൈകിട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ഷീ ജിന്‍പിങ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.