റൈസ് ബക്കറ്റ് ചലഞ്ച്: ഇന്‍ഫോപാര്‍ക്ക് വിതരണം ചെയ്തത് രണ്ടു ടണ്‍ അരി

single-img
18 September 2014

Infopark 2കൊച്ചി: ഐടി കമ്പനികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച റൈസ് ബക്കറ്റ് ചലഞ്ച് വന്‍ വിജയമായി മാറി. രണ്ടാഴ്ച നീണ്ട ഈ പരിപാടിയിലൂടെ ശേഖരിച്ച രണ്ടു ടണ്‍ അരി കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് ബുധനാഴ്ച വിതരണം ചെയ്തു. ഉരുളന്‍തണ്ണിയിലെ മുതുവാക്കുടിയിലെ 200 കുടുംബങ്ങള്‍ക്ക് നല്‍കിയ ശേഷം ബാക്കി വന്ന അരി വൈകാതെ മറ്റൊരു ആദിവാസി കോളനിയില്‍ വിതരണം ചെയ്യും.

ഇന്‍ഫോപാര്‍ക്കിലെ ഓണാഘോഷങ്ങളുടെ ഭാഗമായി വ്യവസായ- ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി.എച്ച്.കുര്യനായിരുന്നു സെപ്റ്റംബര്‍ അഞ്ചിന് റൈസ് ബക്കറ്റ് ചലഞ്ച് ഉദ്ഘാടനം ചെയ്തത്. ആദിവാസിക്കുടിയിലേക്കുള്ള അരിവിതരണത്തിനുള്ള വാന്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ ഋഷികേശ് നായര്‍ ഫഌഗ് ഓഫ് ചെയ്തു. ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീ ജോര്‍ജ് മാളിയേക്കല്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ശ്രീ മൂസ ആയക്കോടന്‍ എന്നിവര്‍ ഉരുളന്‍തണ്ണിയിലെ അരിവിതരണത്തിനു നേതൃത്വം നല്‍കി.

ലോകപ്രശസ്തമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഇന്ത്യന്‍ പതിപ്പാണ് റൈസ് ബക്കറ്റ് ചലഞ്ച്. 2013 മധ്യത്തോടെ തുടങ്ങുകയും ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ഏറെ പ്രചാരം നേടുകയും ചെയ്ത ഐസ് ബക്കറ്റ് ചലഞ്ചിന് ബദലായാണ് റൈസ് ബക്കറ്റ് ചലഞ്ച് ആരംഭിച്ചത്. ഐസ് ബക്കറ്റ് ചലഞ്ചില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഹൈദരാബാദിലുള്ള ഒരു പത്രപ്രവര്‍ത്തകയാണ് റൈസ് ബക്കറ്റ് ചലഞ്ചിലൂടെ ഇതിന് പ്രാദേശികമാനം നല്‍കിയത്.

ആളുകള്‍ അരി ദാനം ചെയ്യുന്ന പരിപാടിയാണ് റൈസ് ബക്കറ്റ് ചലഞ്ച്. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാണ് അരി ശേഖരിക്കുക. ഇത്തരത്തില്‍ അരി ദാനം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലെവിടെയെങ്കിലും പോസ്റ്റുചെയ്യുകയും തന്റെ പരിചയത്തിലുള്ള മറ്റ് നാലുപേരെ ഇതിനായി വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.