പോസ്റ്ററിലെ സുന്ദരിയുടെ ചിത്രം കണ്ട് വോട്ടുചെയ്തവര്‍ ജയിച്ചുവന്ന സ്ഥാനാര്‍ത്ഥിയെ കണ്ട് ഞെട്ടി; സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം മോഡലിന്റെ ചിത്രം നല്‍കി ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടന

single-img
17 September 2014

posterഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പോസ്റ്റര്‍ കണ്ടാണു വോട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. പക്ഷേ വിജയിച്ച സുന്ദരിയുടെ യഥാര്‍ഥ ഫോട്ടോ പത്രത്തിലൂടെയും അല്ലാതെയും കണ്ട വിദ്യാര്‍ഥികള്‍ ഞെട്ടി. തങ്ങള്‍ വോട്ടുനല്‍കിയ കനിക ശെഖാവത്തല്ല പോസ്റ്ററിലുണ്ടായിരുന്ന കനിക ശെഖാവത്ത്.

ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച കനിക ശെഖാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ പോസ്റ്ററുകളാണ് ടെലിവിഷന്‍ അവതാരകയുമായ നൗഹീദ് സൈറുസിയുടെ ഫോട്ടോ വച്ച് പ്രചരിച്ചത്. ഡല്‍ഹി സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കോളജുകളിലും ഡല്‍ഹിയിലെ മിക്കയിടങ്ങളിലും ഈ പോസ്റ്റര്‍ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. കോളജില്‍ സ്ഥിരമായി നേതാക്കന്മാരില്‍ പലരും വരാറില്ലെന്നും പോസ്റ്ററിലെ ഫോട്ടോകളില്‍ നിന്നുമാണ് തങ്ങള്‍ ഇവരെ തിരിച്ചറിയുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അബദ്ധം പറ്റിയതും.

എന്നാല്‍ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് പകരം തന്റെ ഫോട്ടോ പോസ്റ്ററില്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം മാത്രമാണ് അറിഞ്ഞതെന്നു ടെലവിഷന്‍ അവതാരകയായ നൗഹീദ് സൈറൂസി പ്രതികരിച്ചു. പക്ഷേ ഇത്തരത്തിലൊരു പോസ്റ്റര്‍ പുറത്തിറങ്ങിയത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണു ബിജെപിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എബിവിപിയും കനികയും പറയുന്നത്. തങ്ങള്‍ക്കെതിരേ എന്‍എസ്‌യു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു പോസ്റ്റര്‍ പുറത്തിറങ്ങിയതെന്നും കനിക പറഞ്ഞു.