കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല; യുത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്ത സുധീരന്‍ അനുവദിച്ചുതന്ന തട്ടുകട ഇനിമുതല്‍ അന്നം മുട്ടിയവരുടെ നാടന്‍ തട്ടുകട

single-img
16 September 2014

Sudheeranഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുള്ള വെട്ടൂര്‍ ബാര്‍ സര്‍ക്കാര്‍ ബാര്‍ പൂട്ടിച്ചതു മൂലം ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ ചേര്‍ന്ന് തട്ടുകടയാക്കി മാറ്റിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ‘ബഹു. സുധീരന്‍ അനുവദിച്ചുതന്ന തട്ടുകട’ എന്നു പേരുമിട്ട് കച്ചവടം ആരംഭിച്ച ബാറുടമ റോബിന് അതിനുശേഷം നല്ല കച്ചവടമായിരുന്നു. കൗതുകമുള്ള പേരുമൂലം കച്ചവടം പൊടിപൊടിച്ചു.

പേരിന്റെ വ്യത്യസ്തത മൂലം മാധ്യമങ്ങളില്‍ സുധീരന്‍ തട്ടുകട നിറഞ്ഞപ്പോള്‍ കെ.പി.സി.സി പ്രസിഡന്റിനെ അപമാനിക്കുന്നുവെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയിലേക്കു പ്രതിഷേധപ്രകടനമായെത്തി കട അടിച്ചുതകര്‍ത്തു. പക്ഷേ റോബിന്‍ പിന്‍മാറിയില്ല. കടയുടെ പേരും മാറ്റേണ്ടിവന്നതോടെ കച്ചവടം ഇരട്ടിയാകുകയായിരുന്നു.

‘അന്നംമുട്ടിയവരുടെ തട്ടുകട എന്നാണ് ഇപ്പോള്‍ കടയുടെ പേര്. ദിവസം 12,000 രൂപയായിരുന്ന കച്ചവടം കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ 25,000 രൂപയായി ഉയര്‍ന്നു. ബാര്‍ പൂട്ടിയതോടെ വഴിയാധാരമായതു താനും 51 ജീവനക്കാരുമാണ്’അന്നം മുട്ടിയവരുടെ തട്ടുകടയെന്ന പുതിയ പേരിന്റെ യഥാര്‍ത്ഥ പ്രചോദനമെന്ന് ബാറുടമയായിരുന്ന റോബിന്‍ പറയുന്നു.

വര്‍ഷം സര്‍ക്കാരിനു നികുതി ഇനത്തില്‍ ഒരു കോടി ഏഴുലക്ഷം രൂപ അടച്ചിരുന്ന ഒരു ഇടത്തരം ബാറായിരുന്ന വെട്ടൂര്‍ ബാറില്‍ ദിവസം ഒന്നരലക്ഷം രൂപ കച്ചവടമുണ്ടായിരുന്നു. പ്രതിമാസം ശമ്പളം ഇനത്തില്‍ ചെലവ് നാലു ലക്ഷത്തോളം രൂപയായിരുന്നു ബാറ് നലകിയിരുന്നത്.