നടക്കാനാകാതെ മൃഗസ്‌നേഹികളുടെ കനിവും കാത്തിരിക്കുന്ന ടോമിയെന്ന മിണ്ടാപ്രാണിക്ക് പൊതിച്ചോറുമായി എന്നും പ്രമീളയെത്തും

single-img
16 September 2014

Dogനെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനു സമീപം ആരോ ഉപേക്ഷിച്ച നിലയില്‍ കണ്ട പിന്‍കാലുകള്‍ തളര്‍ന്ന ടോമിയെന്ന നായയ്ക്ക് അന്നദാതാവായി എന്നും പ്രമീളയെത്തും. കുറച്ചുദിവസം മുമ്പ് വളരെ ദൈന്യതയോടെ ആഹാരത്തിനായി വഴിയാത്രക്കാരെ വീക്ഷിച്ച് കിടക്കുന്ന ആ മിണ്ടാപ്രാണിയുടെ അവസ്ഥ കണ്ട് മനസ്സു മുറഞ്ഞ പ്രമീള ടി ബി ജംഗ്ഷനിലെ സ്‌റ്റേഡിയത്തിനു സമീപത്തെ തന്റെ വീടായ ശ്രീ സദനത്തില്‍ നിന്നും അന്ന് ഒരു പിടി ചോറ് നായയ്ക്ക് നല്‍കി. വിശപ്പിന്റെ വിഹ്വലതയില്‍ ആര്‍ത്തിയോടെ ആഹാരം നായയുടെ കണ്ണുകളിലെ നന്ദിയുടെ തിളക്കം പ്രമീളയുടെ മനസ്സില്‍ തറയ്ക്കുകയായിരുന്നു.

പിന്‍കാലുകള്‍ തളര്‍ന്ന നിലയിലായിരുന്നതിനാല്‍ അധിക ദൂരം പോകാന്‍ ശേഷിയില്ലാത്ത നായയ്ക്ക് ടോമി എന്ന് പേരിട്ടതും പ്രമീളയാണ്. സ്‌റ്റേഡിയവും പരിസരവുമല്ലാതെ ടോമിക്ക് മറ്റൊരു ലോകമില്ല. ടോമിക്ക് ഭക്ഷണവുമായി ദിവസവും രണ്ടു നേരം പ്രമീള എത്തും. പ്രമീള ഭക്ഷണവുമായി വരുന്ന സമയം കൃത്യമായി ടോമിക്ക് അറിയുകയും ചെയ്യാം. തനിക്ക് അന്നം നല്‍കുന്ന ആ മനുഷ്യത്വത്തിനു മുന്നില്‍ വിനീതനായി അവന്‍ നന്ദിയോടെ വാലാട്ടും.

നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ 29 മുതല്‍ നെയ്യാര്‍ മേള നടക്കുകയാണ്. സ്‌റ്റേഡിയത്തിന്റെ മൂലയില്‍ മേളയുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് ഒരു കാവല്‍ക്കാരനെപ്പോലെ ടോമിയെ കാണാം. മേളയുടെ തിരക്കിനിടയിലും ടോമിക്ക് നല്‍കുന്ന പൊതിച്ചോറില്‍ പ്രമീളയെന്ന ഈ വീട്ടമ്മ ഇതുവരയ്ക്കും മുടക്കം വരുത്തിയിട്ടില്ല.