ഫേസ്ബുക്കില്‍ നിന്നും കിട്ടിയ അമ്മയോടൊപ്പം പോകാന്‍ യുവാവ് സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചു

single-img
16 September 2014

fb_icon_325x325യുപിയിലെ ബറേിയില്‍നിന്നുള്ള 20 വയസുകാരന്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് കിട്ടിയ പുതിയ അമ്മയ്ക്കായി സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്നു. ബറേലി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വിജയ്ക്ക് കേരളത്തില്‍നിന്നാണ് പുതിയ അമ്മയെ കിട്ടിയിരിക്കുന്നത്.

വിജയ് ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചെലവിടുന്നത കണ്ടിരുന്നെങ്കിലും വിജയുടെ പിതാവ് ബ്രിജേഷ് മൗര്യ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം മകന്‍ അപ്രത്യക്ഷനാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 22000 രൂപ മകന്റെ അക്കൗണ്ടില്‍ പല തവണയായി നിക്ഷേപിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ിരുപത്തിയെട്ടാം ദിവസം വിജയ് മടങ്ങിയെത്തി. ഇതുവരെ എവിടെ ആയിരുന്നു എന്ന ചോദ്യത്തിന് ‘ഫേസ്ബുക്ക് മമ്മി’യെ കാണാന്‍ പോയിരുന്നു എന്നായിരുന്നു മറുപടി. താന്‍ ഇനി അവര്‍ക്കൊപ്പമാണ് ജീവിക്കുകയെന്നും വ്യക്തമാക്കി.

ബഹറിനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ഒരു മധ്യവയസ്‌കയായ നേഴ്‌സാണ് വിജയ് കണ്ടെത്തിയ പുതിയ അമ്മ. അവിടേക്കാണ് താന്‍ പോയതെന്നും തന്റെ അക്കൗണ്ടിലേക്ക് പണമിട്ടത് പുതിയ അമ്മയാണെന്നും വിജയ് പിന്നീട് പറഞ്ഞു.

വിജയെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഫേസ്ബുക്ക് അമ്മ ബറേലിയില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ നിജസ്ഥിതി പുറംലോകമറിയുന്നത്. താന്‍ അമ്മയ്‌ക്കൊപ്പം പോവുകയാണെന്നും തന്നെ തടയരുതെന്നും അമ്മയുടെ കൈ മുറുകെ പിടിച്ച വിജയ് മാതാപിതാക്കളോട് പറഞ്ഞു. വീട്ടുകാര്‍ നാട്ടുകാരെയും മകന്റെ സുഹൃത്തുക്കളെയും മധ്യസ്ഥരാക്കിയുള്ള അനുനയന ചര്‍ച്ചയും ഫലം കണ്ടില്ല. 20 ദിവസം കൂടി വീട്ടില്‍ നില്‍ക്കാമെന്നും അതിനുശേഷം താന്‍ അമ്മയോടൊപ്പം പോകുമെന്നുമാണ് വിജയ് ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ വിജയെ സ്വാധീനിച്ച് മതംമാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് പ്രാദേശിക ബി.ജെ.പി രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. ഹിന്ദുവായ വിജയിയെ കൃസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പുതിയ അമ്മ വഴി ക്രിസ്ത്യാനിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രദേശത്തെ ബിജെപി നേതാക്കള്‍ പറയുന്നു.