കേരളത്തില്‍ 2000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് വി.കെ എല്‍ ഗ്രൂപ്പ്; നിര്‍ദ്ധനരായ 100 ഭവനരഹിതര്‍ക്ക് 2 കോടിയുടെ ധനസഹായവും നൽകും

single-img
16 September 2014

vklതിരുവനന്തപുരം : കേരളത്തില്‍ വിവിധ മേഖലകളില്‍ 2000 കോടിയിലേറെ രൂപയുടെ മുതല്‍മുടക്ക് നടത്തുമെന്ന് ബഹറിന്‍ ആസ്ഥാനമായുളള വി. കെ. എല്‍. ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അറിയിച്ചു. പാര്‍പ്പിട സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, തുടങ്ങി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍തോതിലുളള  നിക്ഷേപത്തിനാണ് വി.കെ.എല്‍ ഗ്രൂപ്പ് തയാറെടുക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യത്ത് വി.കെ.എല്‍ ഗാര്‍ഡന്‍സ്, കഴക്കൂട്ടം എന്‍.എച്ച് ബൈപാസിനു  സമീപം വി.കെ.എല്‍ ടവേഴ്‌സ് എന്നീ അപാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണം നടന്ന് വരുകയാണ്. ആലപ്പുഴ പുന്നമടക്കായലിനു സമീപം അന്താരാഷ്ട്ര നിലവാരത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് സ്ഥാപിക്കും. ഇതിനോടകം തന്നെ ശാന്തിഗിരി ആശ്രമവുമായി ചേര്‍ന്ന് വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണയായി കഴിഞ്ഞു.  പ്രാരംഭമായി ബഹറിനില്‍ ശാന്തിഗിരിയുമായി ചേര്‍ന്ന് ആയുര്‍വേദ-സിദ്ദ ഹോസിപിറ്റല്‍ ആരംഭിച്ചുകഴിഞ്ഞു.

തിരുവനന്തപുരം  കഠിനംകുളത്ത് ആറു അപ്പാര്‍ട്ട്‌മെന്റുകളുടെ വികെഎല്‍ ടൗണ്‍ഷിപ്പും പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനു സമീപം പാര്‍പ്പിട സമുച്ചയവും ഷോപ്പിംഗ് മാളും, വൈക്കത്തിനടുത്ത് പൂത്തോട്ട, കൊച്ചി പനങ്ങാട് എന്നിവിടങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകള്‍ എന്നിവയുടെ നിർമ്മാണം നടന്ന് വരുകയാണ്.

നിര്‍ദ്ധനരായ 100 ഭവനരഹിതര്‍ക്ക് 2 കോടിയുടെ ധനസഹായവും വി.കെ എല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു. വീട് നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപാ വീതം സഹായവും സര്‍ക്കാരില്‍ നിന്നുളള ഒരുലക്ഷം രൂപയുമുള്‍പ്പെടെ മൂന്നു ലക്ഷം രൂപ ലഭ്യമാകുന്ന പദ്ധതിയാണിത്.

വി.കെ എല്‍ ഗ്രൂപ്പ്  കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ജീവകാരുണ്യ രംഗത്ത് 10 കോടിയില്‍പരം രൂപയുടെ ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.

വി. കെ. എല്‍. ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ 2014ലെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്.