15 ദിവസത്തിനിടെ അഞ്ച് സ്ത്രീകളും രണ്ടു വയസ്സായ കുഞ്ഞും ഉള്‍പ്പെടെ ഏഴുപേരെ കൊന്ന പരമ്പരക്കൊലയാളി ഒടുവില്‍ പിടിയില്‍

single-img
15 September 2014

Hot Blood Wallpapersരണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ച് സ്ത്രീകളും ഒരു രണ്ട് വയസുള്ള കുഞ്ഞും അടക്കം ഏഴ് പേരെ കൊന്ന പരമ്പര കൊലയാളിയെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സേലം ജില്ലയിലെ കത്തിരിപട്ടി ഗ്രാമത്തിലെ സുബ്ബരായന്‍(27) ആണ് അറസ്റ്റിലായത്. ഒറ്റപ്പെട്ട വീടുകളില്‍ താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

സേലം, അരിയാളൂര്‍, ത്രിച്ചി തുടങ്ങിയ ജില്ലകളിലാണ് സുബ്ബരായന്‍ ഭയം വിതറിയത്. ഇതില്‍ വധിച്ച മൂന്ന് സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. തലൈവാസലിന് സമീപം ഒരു കടക്കാരനെ ആക്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സുബ്ബരായനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

രണ്ടാനമ്മയുടെ പീഡനങ്ങള്‍ നിറഞ്ഞ തന്റെ കുട്ടിക്കാലമായിരുന്നു കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്ന് സുബ്ബരായന്‍ പോലീസിനോട് പറഞ്ഞു. മൂന്ന് വിവാഹങ്ങള്‍ കഴിച്ചയാളാണ് സുബ്ബരായന്റെ പിതാവ്. ട്രക്ക് ക്ലീനറായി പതിനേഴാം വയസില്‍ പണിക്ക് പോയി തുടങ്ങിയ ഇയാള്‍ പിന്നീട് ട്രക്ക് െ്രെഡവറായി മാറുകയായിരുന്നു. 2012ല്‍ സ്വന്തം മുത്തശ്ശിയായ അയ്യമ്മാളിനെ(65)യാണ് സുബ്ബരായന്‍ ആദ്യമായി വധിച്ചത്. ഒരു മാസം മുമ്പാണ് ഈ കേസില്‍ നിന്നും സുബ്ബരായന്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

അതിനുശേഷമാണ് സുബ്ബരായന്‍ കൊലപാതക പരമ്പര ആരംഭിച്ചത്. സേലം ജില്ലയിലെ ഉളിപുരത്തെ ചിന്നത്തായിയെ(45) ആഗസ്ത് 20ന് വലിയ പാറക്കല്ലുകൊണ്ട് തലക്കിടിച്ച് സുബ്ബരായന്‍ വധിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന പതിനായിരം രൂപയും കവര്‍ന്നു. ആഗസ്ത് 21ന് ത്രിച്ചി ജില്ലയിലെ കല്ലകുടിയില്‍ വെച്ച് ജയമേലുവിനെ(82) വധിച്ച് ആയിരം രൂപ കവര്‍ന്നു.

അതിനുശേഷം എട്ടു ദിവസങ്ങള്‍ കഴിഞ്ഞ് രണ്ട് പേര്‍ സുബ്ബരായന്റെ കൊലക്കത്തിക്കിരയായി. ലക്ഷ്മി(75), സാവിത്രി(50) എന്നിവരെയാണ് സുബ്ബരായന്‍ വധിച്ചത്. ഇതില്‍ സാവിത്രിയെ വധിക്കുന്നതിന് മുമ്പ് ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നു.

തമിഴ്‌നാട് നടുങ്ങിയ ഏറ്റവും നിഷ്ഠുരമായ കൊലപാതകങ്ങള്‍ നടത്തിയത് സെപ്തംബര്‍ അഞ്ചിനാണ്. അരിയള്ളൂര്‍ജില്ലയിലെ വേല്‍മുരുകന്‍(33), ഭാര്യ പാര്‍വ്വതി(25) ഇവരുടെ രണ്ടുവയസുകാരിയായ മകള്‍ എന്നിവരെയാണ് സുബ്ബരായന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. വേല്‍മുരുകന്റെ കഴുത്ത് കത്തികൊണ്ട് മുറിച്ചശേഷം പാര്‍വ്വതിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. ശേഷം ഇവരുടെ മകളെ ചുമരില്‍ തലയിടിച്ചും കൊന്നു.

ഏഴ് കൊലപാതകങ്ങളും മൂന്ന് ബലാത്സംഗങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്ന് അറ്റൂര്‍ ഡി.എസ്.പി കാശിനാഥന്‍ അറിയിച്ചു.