മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന ബന്ധം വഷളാവുന്നു

single-img
15 September 2014

download (11)മഹാരാഷ്ട്രയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റ് നൽകണമെന്ന ബി.ജെ.പിയുടെ ആവശ്യം സഖ്യകക്ഷിയായ ശിവസേന തള്ളി. ഇതോടെ ബി.ജെ.പിയുമായുള്ള ശിവസേനയുടെ ബന്ധം വഷളാവുന്നു. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ശിവസേന തലവൻ ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചത്. ആവശ്യമെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകി.

 

135 സീറ്റുകൾ നൽകണമെന്ന നിർദ്ദേശം ബി.ജെ.പി യോഗത്തിൽ വച്ചിരുന്നു. എന്നാൽ അത് സാദ്ധ്യമല്ലെന്ന് ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. ഒരു പരിധിയിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന കാര്യം ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പകരം ഒരു വഴി ഉണ്ട് – ഉദ്ധവ് പറഞ്ഞു.

 

മഹാരാഷ്ട്രയിൽ ശിവസേന 171 സീറ്റിലും ബി.ജെ.പി 117 സീറ്റിലുമാണ് മത്സരിച്ചു വരുന്നത്. കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് ഇത്തവണ ബി.ജെ.പി സംസ്ഥാന നേതൃത്വം. കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞാൽ മുഖ്യമന്ത്രിപദം അവകാശപ്പെടാൻ കഴിയുമെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. എന്നാൽ മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ഉദ്ധവ് കൂടുതൽ സീറ്റുകൾ വിട്ടു നൽകാൻ തയ്യാറല്ല. ഒക്ടോബർ 15ന് ആണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് .