പുതിയ മലയാള സിനിമകൾ ഡൗൺലോഡ് ചെയ്യാനിറങ്ങുന്നവർ സൂക്ഷിക്കുക

single-img
13 September 2014

images (1)പുതിയ മലയാള സിനിമകൾ ഡൗൺലോഡ് ചെയ്യുന്നവരെ ഉപഗ്രഹംവഴി കണ്ടെത്താനൊരുങ്ങുകയാണ് ആന്റി പൈറസി സെൽ. ഇതിനായി പൈറസി ക്രാക്കർ എന്ന പുതിയ സോഫ്റ്റ്‌വെയർ തയ്യാറായി. അടുത്തയാഴ്ച ഇത് രംഗത്തിറങ്ങും.

 

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുടെ സഹായത്തോടെയാണ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തെ യുവ സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെ കൂട്ടായ്മയായ ഹാക്ക്ലോക്ക് സൊലൂഷൻസാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയത്. സിനിമ നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾത്തന്നെ സാറ്റലൈറ്റ് വഴി വീട് അല്ലെങ്കിൽ സ്ഥാപനം കണ്ടെത്തുന്ന സംവിധാനമാണിത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി എ.ഡി.ജി.പി അനന്തകൃഷ്ണൻ ചർച്ച നടത്തിക്കഴിഞ്ഞു. നിർമ്മാതാക്കളുടെ സംഘടനയും പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 
പുതിയ സിനിമകളായ വില്ലാളിവീരൻ, രാജാധിരാജ എന്നിവ ഹാക്ക്ലോക്ക് സൊലൂഷൻസിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ ഡെമോളിഷ് ഡൂപ്ളിക്ക എന്ന ഒരു സോഫ്റ്റ്‌വെയർ ഇവർ തയ്യാറാക്കിയിരുന്നു. ഇതിനെ മറികടക്കാനുള്ള സംവിധാനങ്ങൾ പ്രചാരത്തിലായതോടെയാണ് പൈറസി ക്രാക്കർ എന്ന പുതിയ സോഫ്റ്റ്‌വെയറിന് രൂപം നൽകിയത്.

 

സിനിമകൾ വേഡ് ഫയലിൽ കംപ്രസ് ചെയ്ത് കാണുന്ന രീതിയാണ് യുവാക്കൾ അടുത്തിടെയായി സ്വീകരിച്ചത്. പാസ്‌വേഡ് സംരക്ഷിച്ചുകൊണ്ട് ഡൗൺലോഡ് ചെയ്യുന്നതിനാൽ ആളെ കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തിൽ സിനിമ ഡൗൺലോഡ് ചെയ്യുന്നവരെയും ഇനി പൈറസി ക്രാക്കർ കണ്ടെത്തും.