ഖേര സധൻ നിവാസികൾ ചോദിക്കുന്നു ” എന്താണ് ലൗ ജിഹാദ്?”

single-img
13 September 2014

safe_image.phpകഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ചോദിച്ചിരുന്നു, എന്താണ് ലൗ ജിഹാദ്? എന്നാൽ ആഗ്രയിലെ ഖേര സധനിൽ താമസിക്കുന്നവർ ഇങ്ങനെ ചോദിച്ചാൽ അതിന് കാരണമുണ്ട്. അവർക്ക് ലൗ ജിഹാദ് എന്തെന്നറിയില്ല. അവിടത്തുകാർ ജാതിഭേതമന്യേ പള്ളികളിലും അമ്പലങ്ങളിലും പോയി പ്രാർത്ഥന നടത്താറുണ്ട്. അതുപോലെ തന്നെ അവിടെത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വിവാഹിതരാകാറുണ്ട്.

ഡെൽഹി ഔറംഗസേബിന്റെ അധികാരത്തിൻ കീഴിൽ വന്ന ശേഷം ഖേര സധൻ നിവാസികളോട് ഒന്നുകിൽ മുസ്ലിമാകണം അല്ലാത്തവർ വീട് വിട്ട് പോകാൻ ആജ്ഞാപിച്ചിരുന്നു. അങ്ങനെ അവർ ഇസ്ലാം മതവിശ്വാസികളായി മാറി. ഒടുവിൽ സ്വാതന്ത്രിയ ലബ്ദിക്ക് ശേഷം അവിടെത്തെ നേതാക്കൾ അവരോട് തിരിച്ച് ഹിന്ദുമതത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. ചിലർ അത് അനുസരിച്ചു,മറ്റു ചിലർ തൽസ്ഥിതി തുടർന്നു. എന്നാൽ അവിടെത്തുകാർക്ക് മതം ഒരു പ്രശ്നമായിരുന്നില്ല. അവർ മതത്തെ മറന്ന് മനുഷ്യനെ സ്നേഹിച്ചു.

നാട്ടുകാരനായ വിക്രം സിങ്ങ് ലൗ ജിഹാദിനെ ശുദ്ധ അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്. കാരണം ഇദ്ദേഹത്തിന്റെ മാതാവ് മുസ്ലീമും പിതാവ് ഹിന്ദുവും ആണ്. ഹിന്ദുവായ തന്റെ സഹോദരിയെ നിക്കാഹ് ചെയ്തിരിക്കുന്നത് മുസല്മാനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും മുസ്ലീമാണ്.

സധാരണയായി ഖേര സധനിലുള്ള ഒരു കുടുംബത്തിൽ നാലുമക്കളിൽ 2 പേർ മുസ്ലീമും 2 പേർ ഹിന്ദുവുമായിരിക്കും. പെരുനാൾ ദിനത്തിൽ ഇവിടത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും പള്ളിയിൽ നമസ്കരിക്കാൻ പോകാറുണ്ട്. അതുപോലെ ദീപാവലി ദിവസം ഇരുകൂട്ടരും ഒന്നിച്ച് അഘോഷിക്കാറുമുണ്ട്.

അത്പോലെ തന്നെ ഇവിടെ സാധാരണ നടക്കാറുള്ള ചില വിവാഹങ്ങളിൽ അമ്പലത്തിൽ വെച്ച് പള്ളി ഇമാം നിക്കാഹ് ചൊല്ലികൊടുക്കാറുണ്ട്. അതു പോലെ തന്നെ ചില വിവാഹങ്ങൾ പള്ളി മുറ്റത്ത് വെച്ച് പൂജരിയുടെ നേതൃത്വത്തിലും നടക്കാറുണ്ട്.
ഔറംഗസേബിന്റെ കല്പനയെ തുടർന്ന് മുസ്ലിമായ ഇവിടെത്തുകാർ ഇസ്ലാമിന്റെ ചിലകാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ പകർത്തിയിരുന്നു. ചേലാകർമ്മം ചെയ്യൽ, മൃഗങ്ങളെ ഹാലാക്കി ഭക്ഷിക്കുന്നത്, മരണപ്പെട്ടാൽ അടക്കം ചെയ്യുന്നത് എന്നിവയാണ് അവയിൽ ചിലത്.

ഖേര സധൻ നിവാസികളെ രണ്ട് വള്ളത്തിൽ ചവിട്ടുന്നവർ എന്നു പറഞ്ഞ് അന്യനാട്ടുകാർ കളിയാക്കാറുണ്ട്. ഇതൊന്നും അവർ ചെവിക്കൊള്ളാറില്ല. മതമേതായലും മനുഷ്യൻ നന്നായൽ മതിയെന്നാണ് ഇവരുടെ പക്ഷം.

‘മദ്ധ്യേ ഇങ്ങനെ കാണുന്ന നേരം
മത്സരിക്കുന്നതെന്തിനു നാം വൃഥാ’