ജപ്പാനില്‍ നൂറു വയസ്സ് കടന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡിലെത്തി

single-img
12 September 2014

download (16)ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരവും ആയുര്‍ദൈര്‍ഘ്യവുമുള്ള രാജ്യങ്ങളില്‍ ഒന്നായ ജപ്പാനില്‍ നൂറു വയസു കടന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡിലെത്തി. സര്‍ക്കാരിന്റെ കണക്കു പ്രകാരം രാജ്യത്ത് സെഞ്ച്വറി തികച്ചവരുടെ നിലവിലെ എണ്ണം 58,820 ആണ്.

 
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4400 പേരാണ് ഈ വര്‍ഷം 100 ക്ലബ്ബില്‍ കൂടുതലായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദശകങ്ങളില്‍ ജപ്പാനിലെ നൂറു കടന്ന പൗരന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1963-ലാണ് ആദ്യമായി നൂറു കടന്നവരുടെ ഔദ്യോഗിക കണക്ക് പുറത്തു വന്നത്. അന്ന് 153 പേരാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.

 
അതേസമയം സെഞ്ചുറി തികച്ചവരില്‍ സ്ത്രീകള്‍ക്കാണ് ആധിപത്യം. നൂറു കടന്നവരില്‍ ആകെ 13 ശതമാനം മാത്രമാണ് പുരുഷന്‍മാര്‍. ജപ്പാനിലെ ദേശീയ വൃദ്ധദിനമായ ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.