ലോകത്തെ വിസ്മയിപ്പിച്ച ആ പ്രഭാഷണത്തിന് ഇന്ന് 121 വയസ്സ്

single-img
11 September 2014

Vivekanandan”അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്ലാദത്തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരില്‍, ഞാന്‍ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ…”

ഒരു ഇന്ത്യന്‍ സന്യാസിയുടെ ലോകം വിസ്മയിച്ച പ്രഭാഷണം. ഷിക്കാഗോയിലെ കൊളംബസ് ഹാളില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് അറുപതോളം മതപ്രഭാഷകര്‍ പങ്കെടുത്ത ഏഴായിരത്തോളം വരുന്ന ശ്രോതാക്കള്‍ ഹൃദയം തുറന്നു വെച്ച് കേട്ട സ്വാമി വിവേകാന്ദദന്റെ ആ പ്രഭാഷണത്തിന് ഇന്ന് 121 വയസ്സ് തികഞ്ഞു

കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാര്‍വലൗകിക പ്രദര്‍ശനമായ ഷിക്കാഗോ വിശ്വമേളയുടെ ഭാഗമായിരുന്ന മതമഹാ സമ്മേളനത്തിലാണ് സ്വാമി വിവേകാനന്ദന്‍ തന്റെ രാജ്യത്തിനെ ആദരവിന്റെ കൊടുമുടിയില്‍ എത്തിച്ചത്. സ്വന്തം മതത്തിന്റെ മഹത്വങ്ങള്‍ മറ്റു പ്രഭാഷകര്‍ ഉദ്‌ഘോഷിച്ചപ്പോള്‍ എല്ലാ മതങ്ങളും സത്യമാണെന്ന മഹത്തായ ആശയമാണ് സ്വാമി അവിടെ ഉയര്‍ത്തിക്കാട്ടിയത്.

”ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത് എന്നതില്‍ എനിക്കഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതില്‍ ഞാനഭിമാനിക്കുന്നു….”

കുട്ടിക്കാലം തൊട്ട് ഞാന്‍ പാടിവരുന്ന, ഇന്നും ലക്ഷങ്ങള്‍ പാടുന്ന ഏതാനും വരികള്‍ ഞാന്‍ പാടാം:
”എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ
മനുഷ്യന്‍, വേഷമേതായാലും, മട്ടെന്തായാലും, ദൈവത്തില്‍ചേരുന്നു”
ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിന് നല്‍കുന്ന സന്ദേശമിതാണ് ഗീത നല്‍കുന്ന സന്ദേശം.
‘എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളില്‍ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു.

ഭാരതത്തിന്റെ അഖണ്ഡതയേയും ഗീതാ തത്വങ്ങളെയും മുന്‍നിര്‍ത്തി നടത്തിയ പ്രഭാഷണം അക്ഷരാര്‍ഥത്തില്‍ അമേരിക്കന്‍ ചേതനയെ കുലുക്കിയുണര്‍ത്തുകയായിരുന്നു. അടുത്ത ദിവസത്തെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വാമി വിവേകാന്ദന്‍ സമ്മേളനവേദിയില്‍ പന്ത്രണ്ടോളം പ്രഭാഷണങ്ങളാണ് നടത്തിയത്.