ഉപതെരഞ്ഞെടുപ്പില്‍ ബൂത്തു പിടിച്ചെടുക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനും ഇടയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗുണ്ടാ നിയമം ചുമത്തി ഒരു വയസ്സുകാരന് കോടതിയുടെ സമന്‍സ്

single-img
11 September 2014

yasinഉത്തര്‍പ്രദേശിലെ മുറാദാബാദിലെ താക്കൂര്‍ദ്വാറില്‍ ഒരു വയസ്സ് മാത്രമുള്ള നാസിമും അവന്റെ അച്ഛനും ചേര്‍ന്ന് ബൂത്ത് പിടിച്ചെടുക്കാനിടയുണ്ടെന്ന് കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് മകാടതി സമന്‍സ് അയച്ചു. എന്നാല്‍ അമളി തിരിച്ചറിഞ്ഞ കോടതി തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. .

സെപ്തംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന താക്കൂര്‍ദ്വാറില്‍ തെരഞ്ഞെടുപ്പിനിടെ ബൂത്ത് പിടുത്തത്തിനും വോട്ടര്‍മാരെ സ്വാധീനിക്കാനും ഇടയുണ്ടെന്ന് കാണിച്ചാണ് പൊലീസ് താക്കൂര്‍ദ്വാര്‍ സ്വദേശിയായ യാസീനും (28) ഒരു വയസ്സുകാരനായ മകന്‍ നാസിമിനും എതിരെ റിപ്പോര്‍ട്ട് നല്‍കിയതും കോടതി സമന്‍സ് അയച്ചതും. ഒരു വയസ്സുള്ള നാസിമിന് ഗുണ്ടാ പശ്ചാത്തലമുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമസമാധാനത്തിന് ഭീഷണിയാകുന്നവരെ കരുതല്‍ തടങ്കലിലിടാന്‍ അനുവദിക്കുന്ന സിആര്‍പിസി 107/16 വകുപ്പ് ചുമത്തിയാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

സമന്‍സ് ലഭിച്ച പ്രകാരം മകനുമായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്നിലെത്തിയ യാസീനോട് മകനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സെക്യൂരിറ്റി ബോണ്ടായി 50000 രൂപ സമര്‍പ്പിക്കാമെന്നും അറിയിച്ചു. എന്നാല്‍ യാസീന്റെ സെക്യൂരിറ്റി ബോണ്ട് കോടതി സ്വീകരിച്ചെങ്കിലും കുട്ടിക്കെതിരെ കേസെടുക്കുന്നത് പരിഹാസ്യമാണെന്ന് കാണിച്ച് മകന്റെ സമന്‍സ് കോടതി തന്നെ പിന്‍വലിക്കുകയായിരുന്നു. തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്ഡിഎം ഉറപ്പുനല്‍കി.

കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് താക്കൂര്‍ദ്വാര്‍ എസ്‌ഐ ഭഗവാന്‍ സിംഗും മറ്റു പൊലീസുകാരും ചേര്‍ന്നാണ് തനിക്കെതിരെ റിപ്പോര്‍ട്ട് നലകിയതെന്നും യാസിന്‍ ആരോപിച്ചു.