സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ.എം. മാണി

single-img
10 September 2014

maniസംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി രണ്ടു ദിവസത്തിനുള്ളില്‍ സാധാരണ നിലയിലാകുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ ചെലവുകള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത്, 2007-08ല്‍ 47 ദിവസം സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലായിരുന്നു. 1514 കോടി രൂപയാണ് അന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുത്തത്. 2007 സെപ്റ്റംബര്‍ അഞ്ചിനു മാത്രം 440 കോടി രൂപയായിരുന്നു ഓവര്‍ഡ്രാഫ്റ്റ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ആദ്യത്തെ ഓവര്‍ഡ്രാഫ്റ്റ് ആണിത്. അതും 200 കോടിയില്‍ താഴെ മാത്രമാണെന്ന് മന്ത്രി വിശദീകരിച്ചു.

ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ സാധാരണ ചെലവുകളും ഓണവുമായി ബന്ധപ്പെട്ട അധികച്ചെലവുകളും സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ഒരുമിച്ചു നേരിടേണ്ടി വന്നതിലുണ്ടായ സാമ്പത്തികഞെരുക്കമാണ് ഇപ്പോള്‍ പ്രകടമാകുന്നതെന്നും നാലു ദിവസത്തെ അവധിക്കുശേഷം ബുധനാഴ്ച ട്രഷറി തുറക്കുമ്പോള്‍ നികുതി വരുമാനം വന്നുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.