തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കല്‍ പാറമുകളില്‍ ക്വാറി- ക്രഷര്‍ മാഫിയ പിടിമുറുക്കുന്നു; മാധ്യമങ്ങളെ ചാക്കിടാന്‍ ക്രഷര്‍ ഉടമയുടെ ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പ്: ‘മാതൃഭൂമി’യെ ബഹിഷ്‌കരിച്ച് സംരക്ഷണ സമിതി

single-img
3 September 2014

Vella 2

തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൗണായ വെഞ്ഞാറമൂടിന് സമീപം സ്ഥിതി ചെയ്യുന്ന ഉയര്‍ന്നുവരുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് വെള്ളാണിക്കല്‍ പാറമുകള്‍. ഈ പ്രദേശത്തിന്റ ചുറ്റാകെയുള്ള ജനങ്ങള്‍ ഇന്ന് ഒരു തീരുമാനത്തിലാണ്. പ്രബുദ്ധ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രചാരകരെന്നറിയപ്പെടുന്ന ‘മാതൃഭൂമി’ ദിനപത്രം ഉപേക്ഷിക്കുകയെന്ന കടുത്ത തീരുമാനത്തില്‍. 42 വര്‍ഷമായി മാതൃഭൂമി മാത്രം വായിക്കുന്ന ആലിയാട് സതീഭവനില്‍ കെ. മോഹനന്‍ ഉള്‍പ്പെടെയുള്ള വായനക്കാര്‍ മാതൃഭൂമിയോട് സലാം ചൊല്ലുകയാണ്.

സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ എക്കോ ടൂറിസം പദ്ധതിയിടങ്ങളിലും വന്നൊട്ടുകയും ഒരു കാന്‍സര്‍ പോലെ പടര്‍ന്നുകയറുകയും ചെയ്യുന്ന ക്വാറി- ക്രഷര്‍ മാഫിയയുടെ പുതിയ ഇരയാണ് ഇന്ന് ഈ വെള്ളാണിക്കല്‍ പാറമുകള്‍. അതിനെതിരെ ഒരു ജനത നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയും ഈ വന്‍ മാഫിയയുടെ പങ്ക് പറ്റി വാര്‍ത്തകള്‍ വളച്ചൊടിച്ച് അനുകൂല സാഹചര്യം സൃഷ്ടിച്ച് ഇവരെ വളരാന്‍ അനുവദിക്കുകയും ചെയ്യുന്ന ഈ പ്രബുദ്ധ പത്രപ്രവര്‍ത്തനം ഈ നാട്ടില്‍ ഇനി ഒരു കുഞ്ഞുപോലും പഠിക്കേണ്ടെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍. ഒരുഭാഗത്ത് ക്രഷര്‍യൂണീറ്റും പോത്തന്‍കോട് പഞ്ചായത്തും നേരായ വഴിയിലൂടെയല്ലാത്ത നിയമവും മറ്റും, മറുഭാഗത്ത് ഒരുപറ്റം സാധാരണക്കാരായ ജനങ്ങളും. ഇതിനിടയില്‍ ക്രഷര്‍ മാഫിയകളില്‍ നിന്നും ചെല്ലും ചെലവും ‘സ്‌പോണ്‍സര്‍ഷിപ്പും’ പറ്റി സ്വന്തം നാട്ടുകാരെ ദ്രോഷിക്കുന്ന ഒരുപറ്റം പത്രപ്രവര്‍ത്തകരും കൂടിയാകുമ്പോള്‍ വെള്ളാണിക്കല്‍ എന്ന നയനമനോഹര പ്രദേശത്തിന്റെ ടൂറിസം സ്വപ്‌നങ്ങളുടെ പതനം പൂര്‍ത്തിയായതായി കണക്കാക്കാം.

വെള്ളാണിക്കല്‍ പാറമുകള്‍

സംഭവങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്ക് പോകും മുന്‍പ് വെള്ളാണിക്കല്‍ പാറമുകള്‍ എന്താണെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്നും അറിയണം. പോത്തന്‍കോട് പഞ്ചായത്തിന്റെയും മാണിക്കല്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന ഈ ടൂറിസം പ്രദേശത്തിന്റെ വിസ്മയങ്ങള്‍ അനവധിയാണ്. പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കിയാല്‍ ശംഖുമുഖം മുതല്‍ കൊല്ലം വരെയുള്ള കടല്‍ത്തീരവും അതിനോടനുബന്ധിച്ചുള്ള പ്രധാനകാഴ്ചകളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പാറമുകള്‍ സമ്മാനിക്കുന്നു. അഗസ്ത്യാര്‍കൂടം, പൊന്മുടി തുടങ്ങി സഹ്യപര്‍വ്വതത്തിന്റെ മനോഹര നിരകളാണ് പാറമുകളിന്റെ കിഴക്കുഭാഗത്തേക്കു നോക്കിയാല്‍ സഞ്ചാരികളുടെ മനം കവരുന്നത്. സദാ വീശിയടിച്ചുകൊണ്ടിരിക്കുന്ന കാറ്റും ഇവിടുത്തെ വലിയ പ്രത്യേകതയാണ്.

Vella 5

കാലപ്പഴക്കം നിര്‍ണ്ണയിക്കാനാകാത്ത ഗോത്രവര്‍ഗ്ഗക്കാര്‍ (കാണിക്കാര്‍) പൂജിക്കുന്ന ഒരു ആയിരവല്ലി ക്ഷേത്രം പാറമുകളിന്റെ നെറുകയില്‍ സ്ഥിതിചെയ്യുന്നുണ്ട്. അതിനു നൂറുമീറ്റര്‍ താഴെയായി ഒരു ഗുഹയും. ദക്ഷിണകേരളത്തിലെ പ്രധാന ഗോത്രവര്‍ഗ്ഗ ക്ഷേത്രമായ വേങ്കമല ക്ഷേത്രക്കുളത്തില്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഈ ഗുഹയില്‍ മുന്‍കാല ചരിത്രത്തിന്റെ തെളിവുകള്‍ ഒത്തിരിയാണ്. ഒരുതവണ വെള്ളാണിക്കല്‍ പാറമുകളിലേക്ക് വന്നവരാരും ഈ പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും ഇവിടം തരുന്ന അനുഭവവും മറക്കില്ല.

കഴിഞ്ഞ ജൂണില്‍ ഈ പ്രദേശം സന്ദര്‍ശിച്ച ടൂറിസം വകുപ്പ് മന്ത്രി ശ്രീ. എ.പി.അനില്‍കുമാര്‍ പാറമുകള്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിലേക്കായി 51 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതിയെ മുറിവേല്‍പ്പിക്കാത്ത രീതിയിലുള്ള ടൂറിസം വികസനത്തിന്റെ പ്രോജക്ട് വര്‍ക്കുകള്‍ നടന്നുവരികയാണ്.

ക്രഷര്‍യൂണീറ്റിന്റെ വരവ്

Vella 4

എവിടെ പാറ എന്ന വസ്തു കണ്ടാലും പൊട്ടിക്കുയോ അതിനെ പൊടിച്ച് എംസാന്റാക്കി വില്‍ക്കുകയോ ചെയ്യുന്ന ഒരു ശക്തമായ മാഫിയയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതി മുന്നില്‍കണ്ടുകൊണ്ട് പാറയിടങ്ങള്‍ വാങ്ങിക്കൂട്ടി പഞ്ചായത്തിനെയും മറ്റു ഭരണസംവിധാനങ്ങളെയും സ്വാധീനിച്ചുണ്ടാക്കിയ അനുവാദത്തോടെ അവ പൊടിച്ചും പൊടിച്ചും പരിസ്ഥിതിയെ നശിപ്പിക്കുന്ന ഈ സംഘാംഗങ്ങള്‍ വെള്ളാണിക്കല്‍ പാറമുകളിലേക്കും വന്നിരിക്കുകയാണ്. രഹസ്യമായി തുടങ്ങിയ പദ്ധതിക്ക് പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിക്കഴിഞ്ഞ ശേഷമാണ് നാട്ടുകാര്‍ അറിയുന്നതു തന്നെ. പോത്തന്‍കോട് പഞ്ചായത്തിന്റെ ഭരണസമിതിയിലെ പ്രബലനും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പഞ്ചായത്ത് പ്രമുഖനുമായ നേതാവിന്റെ അടുത്ത ബന്ധുവാണ് ക്രഷര്‍ യൂണീറ്റിന്റെ ഉടമകള്‍. ആ വഴിക്കുതന്നെ നേരിട്ടും അല്ലാതെയുമുള്ള സഹായങ്ങള്‍ ക്രഷര്‍യൂണീറ്റുകാര്‍ക്ക് ഒത്തിരി ലഭിച്ചിട്ടുമുണ്ട്.

ഒരു ജനപ്രതിനിധിയെന്ന രീതിയില്‍ നാടിന്റെ ജനവികാരം കാത്തു സൂക്ഷിക്കേണ്ട അഡ്വക്കേറ്റ് കൂടിയായ ഈ നേതാവ് ക്രഷര്‍യൂണീറ്റിന് അനുകൂലമായി കോടതിയില്‍ കാവിയറ്റ് ഫയല്‍ ചെയ്തിരിക്കുകയാണ്. മാത്രമല്ല പാറമുകള്‍ സംരക്ഷണസമിതിയുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി മറ്റുപ്രവര്‍ത്തകരുടെ ഇടയില്‍ ഒരു ഭയം സുഷ്ടിച്ച് അവരെ പിന്നോട്ട് നിര്‍ത്താനുള്ള തീരുമാനവും ഈ മാന്യദേഹത്തിന്റേതാണെന്നുള്ളതാണ് സത്യം. ഒരു ജനപ്രതിനിധിയായിരുന്നുകൊണ്ട് എങ്ങനെ ജനവിരുദ്ധ നയങ്ങള്‍ പ്രവര്‍ത്തികമാക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് ഇദ്ദേഹം.

പാറപൊട്ടിക്കലല്ല, മെറ്റല്‍ വെളിയില്‍ നിന്നും കൊണ്ട് വന്ന് പൊടിച്ച് എംസാന്റാക്കി വിതരണം നടരത്തുയാണ് തങ്ങളുടെ ഉദ്ദേശമെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും അതിനായി എന്തിനാണ് പാറമുകള്‍ തന്നെ തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയില്ല. അനധികൃതമായി മണ്ണടിടിച്ചു നിരത്തിയെന്ന് പഞ്ചായത്ത് അസി. എഞ്ചിനീയര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിപോലും പഞ്ചായത്ത് എടുത്തിട്ടില്ല. സമരം മുന്നോട്ട് പോകുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും അടിച്ചമര്‍ത്താനുള്ള ഒരുക്കത്തിലാണ് ക്രഷര്‍ യൂണീറ്റുകാര്‍. സ്വന്തം ജീവന്‍ നല്‍കി പ്രതിരോധിക്കാന്‍ സമരസമിതി പ്രവര്‍ത്തകരും.

സംരക്ഷണസമിതിയും മാതൃഭൂമിയും

vella 1

ക്രഷര്‍ യൂണീറ്റിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്ത് അനുമതി നല്‍കിയതിനെതിരെയും ലൈസന്‍സ് നല്‍കാനുള്ള അനുകൂല മനോഭാവത്തിനെതിരെയും ഓഗസ്റ്റ് 29 ന് പോത്തന്‍കോട് പഞ്ചായത്ത് ഓഫീസിലേക്ക് പാറമുകള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഒരു ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി. ആയിരങ്ങള്‍ അണിനിരന്ന പ്രസ്തുത മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. ബി.ആര്‍.പി ഭാസ്‌കറായിരുന്നു. പഞ്ചായത്ത് ധര്‍ണ്ണയുടെ തലേദിവസം ഇ-വാര്‍ത്തയുടെ ലേഖകന്‍ വാര്‍ത്ത കൊടുക്കുന്നതിലേക്കായി ക്രഷര്‍ ഉടമ നൗഫലിനെ ബന്ധപ്പെട്ടപ്പോള്‍ വിചിത്രമായ ഒരു ചോദ്യമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ”പാറമുകള്‍ സംരക്ഷണ സമതിയുടെ ധര്‍ണ്ണ നാളെ ബി.ആര്‍.പി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യാതിരിക്കണമെങ്കില്‍ എന്തുചെയ്യണം?” എന്നുള്ളതായിരുന്നു ആ ചോദ്യം.

പ്രകടനവും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യാന്‍ സംരക്ഷണസമിതിക്കാര്‍ പോത്തന്‍കോട് പ്രസ്‌ക്ലബിലെ എല്ലാ മാധ്യമങ്ങളേയും കത്തു കൊടുത്തു ക്ഷണിച്ചിരുന്നു. ഏറെക്കുറെ എല്ലാ പേരും എത്തുകയും ചെയ്തു. മനോരമ, മംഗളം തുടങ്ങിയ മാധ്യമങ്ങളില്‍ ലോക്കല്‍ പേജുകളിലാണെങ്കില്‍ പോലും അതിന്റെതായ പ്രാധാന്യത്തോടെ വാര്‍ത്ത അച്ചടിച്ചുവന്നു. മാതൃഭൂമിയിലും വാര്‍ത്ത വന്നു. പക്ഷേ പാറമുകള്‍ സംരക്ഷണ സമിതിയെ അപമാനിക്കും വിധം തന്റെ ക്രഷറിനെപ്പറ്റി ക്രഷര്‍ ഉടമ നൗഫലിന്റെ ‘ഗുഡ് സര്‍ട്ടിഫിക്ക’റ്റോടെയാണ് പ്രസ്തുത വാര്‍ത്ത പബ്ലിഷ് ചെയ്തു വന്നത്. അതായത് പാറമുകള്‍ സംരക്ഷണസമതിയുടെ ചെലവില്‍ ക്രഷര്‍ യൂണീറ്റിന്റെ പരസ്യം കൊടുക്കുന്ന പോലെ.

മാധ്യമപ്രവര്‍ത്തനത്തിന്റെ തനിനിറം

പാറമുകള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പോത്തന്‍കോട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും ധര്‍ണ്ണയും നടന്നതിന്റെ പിറ്റേദിവസം, അതായത് ഓഗസ്റ്റ് 30 ന് പോത്തന്‍കോട് പ്രസ്‌ക്ലബും ജനമൈത്രി പോലീസ് സ്‌റ്റേഷനും തമ്മില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ക്രിക്കറ്റ് കളി മത്സരം കണിയാപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു. ഈ ക്രിക്കറ്റ് കാര്‍ണിവെല്‍ സ്‌പോണ്‍സെര്‍ ചെയ്തത് പ്രസ്തുത ക്രഷര്‍ ഉടമ നൗഫല്‍ ആണെന്ന് അറിയുമ്പോഴാണ് ഈ ‘പ്രബുദ്ധ മാധ്യമപ്രവര്‍ത്തന’വും ജനവിരുദ്ധ പ്രവര്‍ത്തികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴപ്പരപ്പ് നമുക്ക് മനസ്സിലാകുന്നത്.

ഈ ഒരു സംഭവത്തോടുകൂടിയാണ് വെള്ളാണിക്കല്‍ പാറമുകള്‍ സംരക്ഷണസമിതിയിലെ മാതൃഭൂമി വരിക്കാരായ പ്രവര്‍ത്തകര്‍ മാതൃഭൂമി ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിശദവിവരങ്ങളുമായി മാതൃഭൂമി അധികൃതര്‍ക്ക് സംരക്ഷണ സമിതി കത്തും അയച്ചിട്ടുണ്ട്. ഉടന്‍ കൂടുന്ന പൊതുയോഗത്തില്‍ സംരക്ഷണസമതി പ്രവര്‍ത്തകര്‍ ഏകകണ്ഠമായി തീരുമാനം പ്രഖ്യാപിക്കുമെന്നും സമരസമിതി ചെയര്‍മാനും കണ്‍വീനറും അറിയിച്ചിട്ടുണ്ട്.

സമരം ശക്തമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും എതിര്‍പ്പുകള്‍ മറികടന്ന് ക്രഷര്‍ യൂണീറ്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഉപരോധവും നിരാഹാരവും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ശക്തമാക്കാനും സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്. വരും നാളുകളില്‍ പ്രതിപക്ഷനേതാവ് ഉള്‍പ്പെടുയുള്ളവര്‍ വെള്ളാണിക്കല്‍ പാറമുകള്‍ സംരക്ഷിക്കുമെന്നും സംരക്ഷണസമിതി അറിയിച്ചു.