ഹര്‍ത്താല്‍ ആരംഭിച്ചു; ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ

single-img
2 September 2014

Harthalകണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.ആര്‍.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍െറ പിന്തുണയുമുണ്ട്. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ മാത്രം പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ സംസ്ഥാനവ്യാപകമാക്കുകയായിരുന്നു.

 

ഹർത്താലിൽ  ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസ് സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും  കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയില്ല. വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ഏറെക്കുറെ ഹർത്താൽ പൂർണമാണ്.

 

ഹർത്താലായതിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ളവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.വയനാട്ടിൽ കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. മാനന്തവാടിയിലേക്ക് പോയ ബസിന്റെ പിൻഭാഗത്തെ ചില്ലുകൾ തകർന്നു. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവച്ചു.  കൊച്ചിയിൽ ബസിനും ഓട്ടോറിക്ഷയ്ക്കും നേരെ കല്ലേറുണ്ടായി.

 

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. തിരുവനന്തപുരം ​- നാഗർകോവിൽറൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. ഇതേ തുടർന്ന് സർവീസ് നിർത്തിവച്ചു.  കരകുളം ഏണിക്കരയിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പൊലീസ് എത്തി ഹർത്താലനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു.