അങ്ങനെയിപ്പോള്‍ ഡോക്ടറുടെ കുറിപ്പടി രോഗി വായിക്കേണ്ട; മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന

single-img
30 August 2014

prescriptionമരുന്നിനുള്ള കുറിപ്പടി ഡോക്ടര്‍മാര്‍ വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍. കൗണ്‍സില്‍ അഭിപ്രായം ആരായുക മാത്രമാണു ചെയ്തതെന്നും പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മറുപടി നല്‍കിയിട്ടുണ്ടെന്നും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭാരവാഹികളും പറഞ്ഞു.

രോഗിക്കുകൂടി വ്യക്തമാകുന്ന രീതിയില്‍ ഇംഗ്ലീഷിലെ വലിയഅക്ഷരം ഉപയോഗിച്ചു മരുന്നിന്റെ പേരെഴുതണമെന്നും കഴിക്കേണ്ട അളവും രേഖപ്പെടുത്തിയിരിക്കണമെന്നും കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജയശ്രീ ബെന്‍ മേത്തയാണ് നിര്‍ദേശിച്ചത്. മരുന്നുകളുടെ ജനറിക് നാമം മാത്രമേ എഴുതി നല്‍കാവൂ; അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രം വാണിജ്യനാമങ്ങള്‍ എഴുതാമെന്നും അവര്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളെ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാനാണു മരുന്നില്‍ അടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ജനറിക് നാമം എഴുതി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും ചികിത്സയ്ക്കിടെ തിരക്കിട്ട് എഴുതുമ്പോള്‍ ഇതു പ്രായോഗികമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അങ്ങനെയൊരു നിര്‍ദേശം ഡോക്ടര്‍മാര്‍ക്കു നല്‍കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പു ഡയറക്ടര്‍ ഡോ. പി.കെ. ജമീല പറഞ്ഞു. ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകളുടെ ജനറിക് പേരുകള്‍ എഴുതുന്നതും സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. കുറിപ്പടി മരുന്നുകടക്കാരനു മാത്രം മനസിലായാല്‍ പോരെന്ന് മുമ്പ് എം.സി.ഐ. അിപ്രായപ്പെട്ടിരുന്നു.