മദ്യലഹരിയില്‍ കൈകൊണ്ട് ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

single-img
28 August 2014

KTM14B36292_MED_General-KTMഅക്ഷയ ജില്ലാ കേന്ദ്രവും കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഓഫിസും മദ്യലഹരിയില്‍ തല്ലിത്തകര്‍ത്ത യുവാവ് കയ്യിലേറ്റ മുറിവില്‍ നിന്നു രക്തം വാര്‍ന്നു മരിച്ചു. വടവാതൂര്‍ കൊശമറ്റം കിഴക്കേക്കര മാലിയില്‍ അജയ് പി. മാത്യുവാണു (24) മരിച്ചത്. അക്ഷയ കേന്ദ്രത്തിലെ ഓഫിസ് ക്യാബിന്റെ ചില്ലുപൊട്ടി കയ്യിലെ ഞരമ്പുമുറിഞ്ഞു രക്തം വാര്‍ന്നാണു മരണം സംഭവിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചശേഷം ഇന്നലെ നാലു മണിയോടെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. സമീപം പാര്‍ക്ക് ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ലോറി ഡ്രൈവറുമായി അജയ് വഴക്കുണ്ടാക്കുകയും വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഓഫിസിനുള്ളിലേക്ക് ഓടിക്കയറിയ ഡ്രൈവറെ പിടികൂടാന്‍ പിന്നാലെ എത്തിയ അജയ് ഓഫിസിനുള്ളിലെ കംപ്യൂട്ടറുകളും ഗ്ലാസുകളും അടിച്ചു തകര്‍ക്കുകയുമായിരുന്നു. അക്രമം തടയാനെത്തിയ മാനേജര്‍ വിജയകുമാറിനും ഗോഡൗണ്‍ അസിസ്റ്റന്റ് സതീഷ്‌കുമാറിനും മറ്റു ജീവനക്കാര്‍ക്കും നേരെ അജയ് ആക്രമണം അഴിച്ചുവിട്ടു.

പുറത്തുവന്ന അജയ് അവിടെ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ചില്ലും തകര്‍ത്ത് അവിടെ എത്തിയ ഓട്ടോയുടെ ഡ്രൈവറെയും ആക്രമിച്ചു. കൂടാതെ സമീപമുള്ള അക്ഷയ കേന്ദ്രത്തിന്റെ ഓഫിസിനു മുന്നില്‍ നിന്ന ഡ്രൈവര്‍ ഹുമയൂണ്‍ കബീറിനെ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അക്ഷയ കേന്ദ്രത്തിലേക്ക് ഓടിക്കയറിയ ഹുമയൂണിന്റെ പിന്നാലെയെത്തിയ അജയ് തടയാനെത്തിയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു സി. മാത്യുവിനെ ആക്രമിച്ചശേഷം ക്യാബിനിലേക്കു കയറി ക്യാബിന്റെ ചില്ലുകളും കംപ്യൂട്ടറും തകര്‍ക്കുയായിരുന്നു. ഈ ചില്ലു തല്ലിത്തകര്‍ക്കുന്നതിനിടെയാണ് അജയിന്റെ വലതു കൈയ്ക്കു മാരകമായ മുറിവേറ്റത്. എന്നിട്ടും അക്രമം തുടര്‍ന്ന അജയിനെ സംഭവമറിഞ്ഞെത്തിയ സിഐടിയു പ്രവര്‍ത്തകരാണു പിന്‍തിരിപ്പിച്ചത്.

സമീപത്തു നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില വഷളായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. അക്ഷയ ജില്ലാ കേന്ദ്രത്തില്‍ ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഓഫിസിലും ഒരുലക്ഷം രൂപയ്ക്കു മുകളില്‍ നഷ്ടമുണ്ടെന്ന് പോലീസ് പറഞ്ഞു.