ഈ സ്വകാര്യ ബസുകള്‍ ഇന്നലെയോടിയത് അമൃതയുടെ ജീവന്‍ രക്ഷിക്കാന്‍

single-img
28 August 2014

Busഗുരുതരമായ മസ്തിഷ്‌ക രോഗം ബാധിച്ച് ജീവനോട് പടവെട്ടുന്ന കോരുത്തോട് സ്വദേശിനിയും കുഴിമാവ് സ്‌കൂള്‍ നാലാം കഌസ് വിദ്യാര്‍ത്ഥിനിയുമായ അമൃത കെ.സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഷൈബു മോട്ടോഴ്‌സും, ബര്‍സാത് ട്രാവല്‍സും ഇന്നലെ നിരത്തില്‍ ഓടിയത്. അമൃതയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായാണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഇന്നലത്തെ കളക്ഷന്‍ തുകയും, ജീവനക്കാര്‍ ശമ്പളവും ചികില്‍സാ സഹായനിധിയിലേക്ക് കൈമാറിയത്.

അമൃതയുടെ ചിത്രം പതിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മുന്‍പില്‍ പതിച്ചാണ് ഇളംകാട് മുണ്ടക്കയം കോരുത്തോട് എരുമേലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബര്‍സാത്, പുഞ്ചവയല്‍ കുഴിമാവ്മുണ്ടക്കയം കുപ്പക്കയം റൂട്ടിലോടുന്ന ഷൈബു മോട്ടേഴ്‌സ് എന്നീ ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തിയത്. എന്നാല്‍ ബസുകാര്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു നാട്ടുകാരുടെ സഹകരണം. ബസ് യാത്രക്കാര്‍ ടിക്കറ്റിന് പകരം നല്‍കിയത് കലവറയില്ലാത്ത സഹായമായിരുന്നു. കണ്‍സഷന്‍ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ ഒഴിവാക്കി ബസുകാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന തുക നല്‍കി ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

യാത്രക്കാര്‍ ബസ് ജീവനക്കാരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായി 50 രൂപ മുതല്‍ 500 രൂപ വരെ തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ബസിനുള്ളില്‍ സ്ഥാപിച്ച കളക്ഷന്‍ ബോക്‌സില്‍ നിക്ഷേപിച്ചു. ഗ്രാമീണ മേഖലയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളില്‍ നിന്നും ഇന്നലെ ലഭിച്ച കളക്ഷന്‍ തുകയും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പെടെ 10,000 രൂപ വീതം ചികില്‍സാ സഹായനിധി കണ്‍വീനര്‍ക്ക് കൈമാറി.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയില്‍ കഴിയുന്ന അമൃതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് അടിയന്തിരമായി നടത്തേണ്ട ഓപ്പറേഷന് ഡോക്ടര്‍മാര്‍ അടുത്ത ആഴ്ചയാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. അമൃതയുടെ ഓപറേഷന് മാത്രം നാല് ലക്ഷം രൂപയാണ് ചിലവ് വരിക.