വന്ന് വന്ന് മോഷണം വിമാനത്തിലും; സഹയാത്രികയുടെ 16 പവന്റെ മാല മലയാളി കവര്‍ന്നു

single-img
27 August 2014

thiru_airport_jpg_1309314fതമിഴ്‌നാട് സ്വദേശിയായ സഹയാത്രികയുടെ 16 പവന്‍ തൂക്കമുള്ള മാല ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തില്‍ വച്ച് മലയാളിയായ യാത്രക്കാരന്‍ തട്ടിയെടുത്തു.

കൊളംബോയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യു.എല്‍ 161 നമ്പര്‍ വിമാനത്തിലാണ് തമിഴ്‌നാട് വിരുത നഗര്‍ സ്വദേശിയായ ശാന്തി എന്ന യാത്രക്കാരി മലയാളിയുടെ കബളിപ്പിക്കലിന് ഇരയായത്. കഴുത്തില്‍ 16 പവന്‍ തൂക്കം വരുന്ന മാലയുമണിഞ്ഞ് യാത്രചെയ്ത ശാന്തിയോട് ഇത്രയും തൂക്കമുള്ള സ്വര്‍ണം കൈവശം വച്ചാല്‍ കസ്റ്റംസ് പിടികൂടുമെന്ന് കൂടെ യാത്ര ചെയ്ത മലയാളിയായ യാത്രക്കാരന്‍ അറിയിക്കുകയായിരുന്നു. മാല കസ്റ്റംസിന്റെ പരിശോധയില്‍പ്പെടാതെ താന്‍ പുറത്തുകൊണ്ട് വന്ന് തരാമെന്ന് ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ശാന്തി മാല ഊരി ഇയാളെ ഏല്‍പ്പിച്ചു.

പക്ഷേ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ ശാന്തി ഇയാളെ അന്വേഷിച്ചെങ്കിലും കണെ്ടത്താന്‍ കഴിഞ്ഞില്ല. സംഭവം വിമാനത്താവള അധികൃതരേയും സി.ഐ.എസ്.എഫിനേയും ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിമാനത്താവള അധികൃതരില്‍ നിന്ന് യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതില്‍ തട്ടിപ്പ് നടത്തിയാളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.