കുഴിമാവ് എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍ ഓണം ഉപേക്ഷിക്കുന്നു; തങ്ങളുടെ കളിക്കൂട്ടുകാരിയുടെ ജീവിതം തിരികെ പിടിക്കാന്‍

single-img
27 August 2014

Amrithaകുഴിമാവ് ഗവ:എല്‍.പി.സ്‌കുളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഈ വര്‍ഷത്തെ ഓണം ഉപേക്ഷിക്കുയാണ്. ഗുരുതരമായ രോഗത്തിനടിമപ്പെട്ട് തകര്‍ന്നു നില്‍ക്കുന്ന തങ്ങളുടെ കൂട്ടുകാരിയെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍. ഓണാഘോഷങ്ങള്‍ മാറ്റിവെച്ച് അതില്‍ നിന്നും സ്വരൂപിക്കുന്ന പണം അവള്‍ക്കു നല്‍കി അവളെ ജീവിതത്തിലേക്ക് തിരികെ നടത്താന്‍.

സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി അമൃത.കെ അനീഷിന്റെ ചികില്‍സയ്ക്കായാണു വിദ്യാര്‍ഥികള്‍ ഓണം ഉപേക്ഷിച്ചും പണം സമാഹരിക്കുന്നത്. ഗുരുതരമായ
മസ്തിഷ്‌ക രോഗം ബാധിച്ച് തിരുവനന്തപുരം ശ്രിചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ് കുഞ്ഞ് അമൃത ഇപ്പോള്‍.

കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിന്റെ അവസാനം മുതല്‍ കടുത്ത തലവേദനയും കാഴ്ചക്കുറവും അനുഭവപ്പെട്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണു തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന അമൃതയ്ക്കു അതിനുശേഷം
നിരവധി ചികിത്സ നടത്തിയെങ്കിലും അടുത്തമാസം ആദ്യം മേജര്‍ ഓപ്പറേഷന്‍ നടത്താതെ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഓപ്പറേഷനു വേണ്ടി വരുന്ന നാലുലക്ഷം രൂപയെന്ന വലിയ സഖ്യ കൂലിപ്പണിയിലൂടെ നിത്യവൃത്തി നടത്തുന്ന അനീഷ്-അനില ദമ്പതികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

കുട്ടികള്‍െക്കാപ്പം അമൃതയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ മുഴുവനും രംഗത്തുണ്ട്. ഓപ്പറേഷനു വേണ്ടി വരുന്ന നാലു ലക്ഷം രൂപ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കണ്ടെത്തുന്നതിനായി നാട്ടുകാര്‍ അമൃതയുടെ പേരില്‍ ചികിത്സ സഹായ നിധിക്കു രൂപം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ച് നല്‍കുന്ന തുകയും സഹായനിധിയിലെ അക്കൗണ്ടിലേക്കാണു നിക്ഷേപിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്കൊപ്പം കാരുണ്യത്തിന്റെ കനിവുവറ്റാത്ത ഹൃദയങ്ങളുടെ സഹായങ്ങളും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.