അടിമാലിക്കാര്‍ക്ക് കുറഞ്ഞവിലയ്ക്ക് നല്ല ഊണ് കഴിക്കാന്‍ ഇനി പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ മതി

single-img
27 August 2014

Janamythriഅടിമാലിക്കാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ ഇനി കുറഞ്ഞവിലയ്ക്ക് നല്ല ഊണ് കഴിക്കാം. ചിരകാലാഭിലാഷമായിരുന്ന അടിമാലി ജനമൈത്രി പോലീസിന്റെ ന്യായവില ഹോട്ടല്‍ യാഥാര്‍ഥ്യമായി. അടിമാലി പോലീസ് സ്‌റ്റേഷനോടു ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. നൂറു പോലീസുകാര്‍ ചേര്‍ന്ന് 12,000 രൂപ വീതം മുതല്‍മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പോലീസ് സഹകരണ സംഘത്തില്‍ നിന്നുള്ള വായ്പയും പൊതുസ്ഥാപനങ്ങളുടെ സഹകരണവുമുണ്ടായിരുന്നു.

പൊതു വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ രുചിയും ഗുണനിലവാരവുമുള്ള ഭക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്ന് കാന്റീനിന്റെ ആസൂത്രകര്‍ പറയുന്നു. ഹോട്ടലുകളില്‍ ഊണിന് 40 മുതല്‍ 50 രൂപ വരെ ഈടാക്കുമ്പോള്‍ ഇവിടെ 35 രൂപയ്ക്ക് ഊണ് ലഭിക്കും. ചെറു കടികള്‍ക്കും ചായയ്ക്കും ആറ് രൂപയാണ് വില. 85 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി ലഭിക്കും.

ഹോട്ടല്‍ നടത്തിക്കിട്ടുന്ന ലാഭത്തിന്റെ 51 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് നീക്കം. ബാക്കിയുള്ളത് കാന്റീനിന്റെ ദൈന്യംദിന ചെലവുകള്‍ക്കും അംഗങ്ങളില്‍ നിന്നു ശേഖരിച്ച തുക തിരികെ നല്‍കാനും വായ്പാ തിരിച്ചടവിനുമായി ഉപയോഗിക്കും.

കാന്റീനില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന ഗ്യാസ് പാചക വാതകമായി ഉപയോഗിക്കുന്നതിലൂടെ ഇന്ധനച്ചെലവ് കുറയ്ക്കാനാകുമെന്നും അധികൃതര്‍ പറയുന്നു.