മരണ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ അറസ്റ്റിൽ

single-img
26 August 2014

1408996211_b260814crimeആറായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അഡീഷണല്‍ എസ്‌.ഐയെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു. നൂറനാട്‌ പോലീസ്‌ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌.ഐ: വി. അജയനെ (54) യാണ്‌ ആലപ്പുഴ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി: അശോക്‌ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പോലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു കൈക്കൂലി വാങ്ങിയത്

തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള വിശ്രമ മുറിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ആറായിരം രൂപ വിജിലൻസ് കണ്ടെടുത്തു. വിമുക്ത ഭടനും ഇപ്പോൾ കൊച്ചി നേവൽ ബേസിൽ ഡിഫൻസ് സെക്യൂരിറ്റി കോറിൽ ജോലിചെയ്യുന്ന പാലമേൽ പണയയിൽ കളീക്കൽ ഇടപ്പുരയിൽ ഗിരീഷ് കുമാറിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്.

ഗിരീഷ്‌കുമാറിന്റെ പിതാവ്‌ ശിവരാമപിള്ള (68) കഴിഞ്ഞ 21 ന്‌ ആത്മഹത്യ ചെയ്‌തിരുന്നു. ഇത്‌ സംബന്ധിച്ച ഭാര്യ ദേവകിയുടേയും മകന്‍ ഗിരീഷിന്റേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഇത്‌ പരിഹരിക്കുന്നതിനും മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമാണു കൈക്കൂലി വാങ്ങിയത്.

രണ്ട് ദിവസങ്ങളിലായി വിജിലൻസ് സംഘം എ.എസ്.ഐയെ നിരീക്ഷിച്ച് വരികയായിരുന്നു. കൈക്കൂലി നൽകിയ ശേഷം ഗിരീഷ് കുമാർ പുറത്തേക്കിറങ്ങിയപ്പോൾ സ്റ്റേഷൻ വളഞ്ഞാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

അജയനെ അറസ്റ്റ് ചെയ്ത സമയം സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും സ്റ്റേഷന് സമീപമുള്ള സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരും ഓടി രക്ഷപ്പെട്ടത് വിജിലൻസ് സംഘത്തെ അമ്പരപ്പിച്ചു.