“ലൗ ജിഹാദ്” ഉത്തർപ്രദേശിൽ ബിജെപി  പ്രചാരണായുധം ആക്കുന്നു

single-img
24 August 2014

BJP-vrindavan-meet-360_1പ്രണയത്തിനു ഭീകര വാദത്തിന്റെ മുഖം നൽകി കേരളത്തിലെ ഹിന്ദുത്വ ശക്തികൾ പടച്ചുവിട്ട ലൗ ജിഹാദ് ഉത്തർപ്രദേശിൽ ബിജെപി പ്രചാരണ ആയുധമാക്കുന്നു.രാമ ക്ഷേത്ര നിർമ്മാണം എന്ന പഴയ ബിജെപി പ്രചാരണായുധം മാറ്റി വെച്ചാണു ലൗ ജിഹാദ് ബിജെപി പ്രചാരണ ആയുധമാക്കുന്നത്.2009 ലാണു “ലൗ ജിഹാദ്” വിവാദം കേരളത്തിൽ ഹിന്ദുത്വ ശക്തികൾ മറ്റ് ചില മതവിഭാഗങ്ങളോട് ചേർന്ന് കൊണ്ടാടിയത്.യു.പിയിൽ അഖിലേഷ് യാദവ് സർക്കാർ ‘ലൗ ജിഹാദ്’ പ്രോത്സാഹിപ്പിക്കുയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മികാന്ത് ബാജ്പായാണ് രംഗത്തെത്തിയിരിക്കുന്നത്.

ലൗ ജിഹാദ് വാദം ഉയർത്തി പ്രണയത്തിനു ഭീകരതയുടെ മഖം നൽകി ജനങ്ങളെ ഭിന്നിപ്പിച്ച് ഭൂരിഭക്ഷ വോട്ട് ബാങ്ക് തങ്ങൾക്കനുകൂലമാക്കാനാണു ബിജെപിയുടെ തന്ത്രം. അസംബ്ലി തെരഞ്ഞെടുപ്പിൽ മതപരിവർത്തനവും ലൗ ജിഹാദും പ്രചരണവിഷയമായി ഉപയോഗിക്കാനുള്ള തന്ത്രങ്ങളാണു ബിജെപി മെനയുന്നത്.തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കി വിജയം കൊയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ഉത്തർ പ്രദേശിലെ കുറ്റവാളികളിൽ 99 ശതമാനം കുറ്റവാളികളും മുസ്ലീങ്ങളാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മികാന്ത് ആരോപിച്ചു.അഖിലേഷ് യാദവ്  “ലൗ ജിഹാദ്” പ്രോത്സാഹിപ്പിക്കുകയാണേന്നും തങ്ങൾ അധികാരത്തിലെത്തിയാൽ ഇതവസാനിപ്പിക്കുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ ലക്ഷ്മികാന്ത് പറഞ്ഞു.

അമിത് ഷാ ഉത്തർപ്രദേശിലെ ബിജെപി ചുമതല ഏറ്റെടുത്ത ശേഷം നടന്ന ലോക് സഭാ തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയം നേടിയിരുന്നു.മുസാഫിർ നഗർ, സഹാറൻപൂർ തുടങ്ങിയ വർഗ്ഗീയ കലാപങ്ങൾ ബിജെപിക്ക് അനുകൂലമായി ഭൂരിപക്ഷ വോട്ട് ബാങ്ക് ഏകീകരിക്കാൻ സഹായിച്ചു എന്നാണു വിലയിരുത്തൽ.അതുകൊണ്ട് തന്നെ ഭൂരിപക്ഷത്തെ ഒപ്പം നിർത്താനുള്ള വർഗീയ അജണ്ടകൾ മുൻനിർത്തിയുള്ള പ്രചരണ തന്ത്രങ്ങളാകും ബിജെപി പയറ്റുന്നത്.അതുകൊണ്ട് തന്നെയാണു പ്രണയത്തിനു ഭീകര വാദത്തിന്റെ മുഖം നൽകി ഭൂരിപക്ഷത്തെ ഭയപ്പെടുത്തി ഒപ്പം നിർത്താനുള്ള തന്ത്രം ബിജെപി മെനഞ്ഞിരിക്കുന്നത്.രക്ഷാ ബന്ധൻ ദിനം മുതൽ പത്ത് ദിവസം ലൗ ജിഹാദിനെതിരെ, ആർ.എസ്.എസ് യു.പിയിൽ രാഖി രക്ഷാ ബന്ധൻ ആചരിച്ചിരുന്നു.

കേരളത്തിലെ കലാലയക്യാമ്പസുകളിൽ വ്യത്യസ്ത മതവിഭാഗക്കാർക്കിടയിലെ പ്രണയം സാധാരണമായപ്പോൾ മുസ്ലിം യുവാക്കൾ ഉൾപ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണത്തിൽ ആയുധമാക്കാൻ കേരളത്തിലെ ചില മാധ്യമങ്ങളും ഹിന്ദുത്വവാദികളും നടത്തിയ പ്രചാരണമായിരുന്നു ലൗ ജിഹാദ്.പോലീസ് നടത്തിയ അൻവേഷണത്തിൽ സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.പോലീസ് മനഃപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ലവ് ജിഹാദ് അൻവേഷണത്തെ സ്റ്റേ ചെയ്ത് ഹൈക്കോടതി പറഞ്ഞിരുന്നു.