ആനകൊടുത്താലും ആശകൊടുക്കരുത് ബേബിച്ചാ

single-img
23 August 2014

sankerM.A.Baby_അണ്ണാറക്കണ്ണനും തന്നാലായി എന്നു പറഞ്ഞപോലെയാണ് ഇന്നു നമ്മുടെ രാജ്യത്തെ വിപ്ലവ പ്രസ്ഥാനം എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത്. ‘കനകംമൂലം കാമിനിമൂലം കലഹം പലവിധം ഉലകില്‍…’ എന്നു മഹാകവി കുഞ്ചന്‍നമ്പ്യാര്‍ പാടിയതുപോലെ പേമെന്റ്‌സീറ്റായാലും ലയനമായാലും തമ്മില്‍ കലഹത്തിന് മാറ്റമില്ല. ഒരു സുപ്രഭാതത്തില്‍ ലയനമെന്ന ഉള്‍വിളിയുമായി പത്തുപേരുടെ മുന്നില്‍ പറയും. അതേപോലെ സന്ധ്യമയങ്ങുംനേരം ആ ഉള്‍വിളി അങ്ങു മാറ്റും. പിന്നെ തിരുത്താവും. ഞാനങ്ങനെയല്ല പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പുനരേകീകരണമെന്നാണ് ഉള്‍വിളി ഉണ്ടായതെന്നൊക്കെ. തിരുവനന്തപുരം സീറ്റു വിറ്റ് ഡോ. ബനറ്റ് എബ്രഹാമില്‍ നിന്ന് ഏകദേശം രണ്ടുകോടിയോളം രൂപ ഭണ്ഡാരത്തില്‍ നിറച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കുറെ നേരും നെറിയും ഉണ്ടെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. സി.പി.ഐ. യിലെ ഒരു ഉന്നത നേതാവ് (ക്കള്‍) വാങ്ങി എന്ന ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പൊട്ടിത്തെറി ഉണ്ടായ അവസരത്തിലാണ് ജ്യേഷ്ഠ സഹോദര പാര്‍ട്ടിയിലെ ഒരു പോളിറ്റ് ബ്യൂറോ മെമ്പര്‍ എം. എ. ബേബി എന്ന സഖാവിനു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം അല്ലെങ്കില്‍ ഒന്നിക്കല്‍ എന്ന താത്വിക ആശയവുമായി രംഗത്തിറങ്ങിയത്. അതും സി. അച്യുതമേനോന്‍ എന്ന സമുന്നത കമ്മ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ ഇത്തരം ഒരാശയം പ്രകടിപ്പിക്കുക എന്നതുതന്നെ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുതുയുഗ പിറവി ആയിരിക്കും എന്നുവരെ ആശ പ്രകടിപ്പിച്ചവരുണ്ട്. പക്ഷെ, അവിടെയും ബേബിയെ വെട്ടിനിരത്തി അഖിലേന്ത്യാ നേതൃത്വം.

cpi-vs-cpm1964 ലെ പിളര്‍പ്പിനുശേഷം നിരവധി തവണ സി.പി.ഐ.സി.പി.എം. ലയനകാര്യം ചര്‍ച്ചാവിഷയമായിട്ടുണ്ട്. അന്ന് ഇ.എം.എസ്. അഭിപ്രായപ്പെട്ടത് ഔപചാരിക ലയനമൊന്നും നടപ്പുള്ള കാര്യമല്ല. അതിന് സി.പി.ഐ. ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അതു തിരുത്തിയിട്ടു വരണം. അതുകൊണ്ട് ലയനം വേണ്ടവര്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വന്ന് സി.പി.എമ്മില്‍ വന്നു ലയിച്ചുകൊള്ളട്ടെ എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. തന്നെയുമല്ല ബി.ടി. രണദിവെ, ബാസവ പുന്നയ്യ എന്നിവരും ലയനത്തിനെതിരായിരുന്നു. അതുപോലെ സി.പി.ഐ. ഭാഗത്ത് അന്നത്തെ ജനറല്‍ സെക്രട്ടറി സി. രാജേശ്വരറാവു, രാജശേഖര റെഡ്ഡി, ഇന്ദ്രജിത്ത് ഗുപ്ത തുടങ്ങിയ നേതാക്കളും സി.പി.എം. ലയനത്തോട് അനുകൂലമായിരുന്നില്ല. കുറച്ചുനാള്‍മുമ്പ് സി.പി.ഐ. യുടെ മുഖപത്രമായ ജനയുഗത്തില്‍ പത്രാധിപരായ ബിനോയ് വിശ്വം സി.പി.ഐ.സി.പി.എം. പുനരേകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേരളത്തിലെ ജനങ്ങള്‍ അതാഗ്രഹിക്കുന്നതായും എഴുതി. പക്ഷെ പല നേതാക്കള്‍ക്കും ബിനോയ് വിശ്വം പറഞ്ഞ ആശയത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല. പലര്‍ക്കും ഈ ആശയത്തോട് കടുത്ത എതിര്‍പ്പ് പുറപ്പെടുവിക്കുകയും അവസാനം ബിനോയ് വിശ്വത്തിന് പത്രാധിപര്‍ സ്ഥാനം ത്യജിക്കേണ്ടിവന്നു എന്നുവേണം പറയാന്‍.

hqdefault (3)കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം നടക്കാത്തതില്‍ ആര്‍ക്കാണ് മോഹഭംഗം വരുന്നത്? ആര് ആര്‍ക്കുവേണ്ടി ആരുടെ രക്ഷയ്ക്കുവേണ്ടിയാണ് ലയനവാദത്തെ വരണ്ട തത്വജ്ഞാനം പറഞ്ഞ് തടയിടുന്നത്? താത്വികമായ പല കാര്യങ്ങളും ഉണ്ടെന്ന് പറയുമ്പോള്‍ അതെന്തൊക്കെയാണെന്ന് ജനങ്ങളെ ധരിപ്പിക്കാനുള്ള ബാദ്ധ്യതകൂടി ഈ നേതാക്കള്‍ കാണിക്കണ്ടെ? ലയനമോ പുനരേകീകരണമോ നടന്നാല്‍ ചില സഖാവ് തമ്പുരാക്കന്മാരുടെ കസേര പോകും എന്നു പേടിയുള്ളവരല്ലെ ലയനത്തെ എതിര്‍ക്കുന്നത് എന്നും ജനങ്ങള്‍ സംശയിക്കുന്നുണ്ട്. അതുകൊണ്ട് ഈ വിഷയത്തിലെ പ്രധാന തടസ്സം എന്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല ഈ നേതാക്കന്മാര്‍ക്കുണ്ട്. വെറുതെ ആടിനെ പട്ടിയാക്കുന്ന സ്വഭാവം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അഭികാമ്യമല്ല.
ലോകമെമ്പാടുംതന്നെ കമ്മ്യൂണിസത്തിന് അടിത്തറകള്‍ ഇളകുമ്പോള്‍ ഇത്തരം വരട്ടു ഞായങ്ങള്‍ പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കുന്ന ഈ പ്രവര്‍ത്തനശൈലി തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സി.പി.എം. നെഞ്ചിലേറ്റി നടക്കുന്ന ചൈനയിലും, റഷ്യയിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായിരുന്ന റഷ്യയിലും ജര്‍മനിയിലും പോളണ്ടിലും എല്ലാം എന്താണു സംഭവിച്ചതും മറ്റു രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും എന്താണെന്നും മനസ്സിലാക്കണം. എന്തിനു വേറെ പറയണം ഇടതുപക്ഷത്തിന്റ കോട്ട എന്നറിയപ്പെടുന്ന ബംഗാളില്‍ എന്താണു സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് പാര്‍ട്ടികളായി എന്നുവരെയാണിപ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിന്നും ഉയരുന്നത്.

cpm flag_1കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പും, പിന്നീടുള്ള ഐക്യം, ഐക്യത്തിനകത്തെ അനൈക്യവുമെല്ലാം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ വിരസതയുളവാക്കുന്ന മെഗാസീരിയലുകളാണ്. 1956ല്‍ പാലക്കാട് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തലപൊക്കി 1964 ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നുള്ള 32 പേരുടെ ഇറങ്ങിപ്പോക്കോടെ ആരംഭിച്ച പിളര്‍പ്പിന്റെ 50ാം പിറന്നാള്‍ ആഘോഷ വേളയിലാണ് ഈ കോലാഹലങ്ങള്‍ . 1964 ല്‍ വിമതര്‍ കല്‍ക്കത്തയില്‍ സമ്മേളിച്ചു. സി.പി.ഐ. (എം) എന്നായി മാറി. പിളര്‍ന്നു രണ്ടു തുണ്ടായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിജീവനത്തിനായി പരസ്പരം പോരാടുകയും ഏറ്റുമുട്ടുകയും ചെയ്തു. നിരവധി പാര്‍ട്ടി സഖാക്കളെ യമപുരിയിലേക്കയച്ചു. അതുമാത്രം മിച്ചമുണ്ടായി. ആ ചോരക്കളത്തില്‍ നിന്നുയര്‍ന്ന വന്‍മരങ്ങള്‍ ഇന്നു മൃതപ്രായരായി അടര്‍ന്നുവീണുകൊണ്ടിരിക്കുന്നു. ദേശീയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നിന്നു പ്രാദേശിക പാര്‍ട്ടിയായി ചുരുണ്ടുകൂടുകയും ഒരു പാര്‍ട്ടി അതില്‍ നിന്ന് കഷ്ടിച്ച് കയ്യാലപ്പുറത്തെ തേങ്ങപോലെ തൂങ്ങിനില്‍ക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ മാത്രം ഇച്ചിരി ആളുകളുണ്ട്. അവരെക്കൂടി മറുവശത്താക്കാനുള്ള ശ്രമത്തിലാണ് ഇരു പാര്‍ട്ടികളിലെ താത്വികരെന്നു വിശേഷിപ്പിക്കപ്പെടുന്ന ത്രിലോകജ്ഞാനികള്‍. അതുകൊണ്ട് പുതുതലമുറ അവര്‍ മറ്റു രാഷ്ടീയ പാര്‍ട്ടികളിലേക്കു ചേക്കേറുന്നു. അതാണല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. യ്ക്ക് കിട്ടിയ തിളക്കം.

cpimഇങ്ങനെയിരിക്കെയാണ് തൃശ്ശൂരില്‍ ലയനമെന്ന ആശയവുമായി ബേബിയുടെ പുതിയ സ്വപ്നം പുറത്തുവിട്ടത്. അരുന്ധതിറോയിക്കു പറ്റിയ അബദ്ധമായിപ്പോയി എന്നു പിന്നീടാണ് ബേബിക്ക് പിടികിട്ടിയത്. എപ്പോഴും ക്യൂബയെ തലയിലേറ്റി നടക്കുന്ന ബേബിക്ക് അവിടെ ലയനത്തിന്റെ ആവശ്യകതയില്ല. പിന്നെ കമ്മ്യൂണിസ്റ്റ് ലയനം ഇന്നാവശ്യമാണെന്ന് തോന്നാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലെ സഖാക്കള്‍പോലും വോട്ടുചെയ്തില്ല എന്ന കുറ്റബോധം കൊണ്ടുമാകാം. പക്ഷെ, ബേബി പറഞ്ഞതിലും തെറ്റില്ല എന്നു വിശ്വസിക്കുന്നുണ്ട്. ഇതുകേട്ട് കുറെ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ മനംകുളിര്‍ക്കെ സന്തോഷിച്ചു. പക്ഷെ എന്തു ചെയ്യാം ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂമിലും ടി.വി. ചാനലിലും നിറഞ്ഞുനില്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് താത്വിക ഗുരുക്കന്മാര്‍ ആശീര്‍വദിക്കേണ്ടേ. അതുണ്ടായില്ല. തലമൂത്തപ്പന്‍ പ്രകാശ് കരാട്ട് മൊഴിഞ്ഞു ഇപ്പോള്‍ നടക്കില്ല. ബംഗാളും കേരളവും കൂടി കംപ്ലീറ്റ് പോയികിട്ടട്ടെ പിന്നീട് ആലോചിക്കാമെന്ന് തലമൂത്തപ്പന്‍ പറഞ്ഞു. ബേബി പ്ലേറ്റ് തിരിച്ചുവച്ചു.

ഇതിനു ബേബിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇ.എം.എസ്സും, അച്യുതമേനോനും, പി.കെ.വി. യും പാര്‍ട്ടിയെ നയിച്ചിരുന്ന കാലം പോയി. മുന്‍ മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ സ്വന്തം നാട്ടില്‍ ചെന്നിട്ട് ഹൃദ്രോഹത്തിനു മരുന്നു വാങ്ങാന്‍ പൈസയില്ലാതെ വിഷമിച്ച ആളായിരുന്നു. ആനകൊടുത്താലും ആശകൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ബേബി സഖാവ് ചെയ്തത് കൊലചതി ആയിപ്പോയി എന്നു കരുതുന്നവരുമുണ്ട്. ഏതായാലും ശേഷകാലം നിത്യവൃത്തി എങ്ങനെയാകും എന്നാണു ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചിന്താവിഷയം.