സിഖ് മതവിശ്വാസിയെ തലക്കെട്ട് വെച്ച് കളിക്കാൻ അനുവധിക്കാത്ത നടപടി വിവാദമാകുന്നു

single-img
22 August 2014

basketballന്യൂഡല്‍ഹി: സിഖ് മതവിശ്വാസിയായ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്റെ തലക്കെട്ട് വെച്ച് കളിക്കാൻ അനുവധിക്കാത്ത എഫ്.ഐ.ബി.എ ഏഷ്യയുടെ നടപടി വിവാദമാകുന്നു. ദോഹയില്‍ നടക്കുന്ന അണ്ടര്‍ 18 ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് സംഭവൻ നടന്നത്. തലക്കെട്ട് അഴിച്ചുവെക്കാതെ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമായ അന്‍മോള്‍ സിംഗിനെ കളിപ്പിക്കില്ലെന്ന ഫിബ ഏഷ്യയുടെ നിലപാടാണ് വിവാദമായത്. സംഭവത്തെ ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും മില്‍ക്കാസിംഗും ശക്തമായി അപലപിച്ചു.

മതവിശ്വാസത്തിന്റെ ഭാഗമായുള്ള തലക്കെട്ട് അഴിച്ചുമാറ്റണമെന്ന് ഫിബ ഏഷ്യ വാശിപിടിക്കുന്നത് മതപരമായ വിവേചനമാണെന്ന് ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആരോപിച്ചു. ഫുട് ബോള്‍, വോളി ബോള്‍, ഹാന്‍ഡ് ബോള്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളില്‍ സിഖ് താരങ്ങള്‍ക്ക് തലക്കെട്ട് ധരിക്കുന്നതില്‍ വിലക്കില്ലാത്തപ്പോഴാണ് ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ വിവേചനപരമായ നിയമം അടിച്ചേല്‍പ്പിക്കുന്നത്.

വിഷയം ഈ മാസം 28, 29 തിയ്യതികളില്‍ സ്‌പെയിനില്‍ നടക്കുന്ന രാജ്യാന്തര ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്റെ സെന്റര്‍ ബോര്‍ഡ് മീറ്റിംഗില്‍ ഉന്നയിക്കുമെന്ന് ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. നേരത്തെ, ചൈനയില്‍ നടന്ന ഏഷ്യ കപ്പ് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലും തലക്കെട്ട് ധരിച്ച രണ്ട് ഇന്ത്യന്‍ താരങ്ങളെ കളിക്കാന്‍ അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ മില്‍ക്ക സിംഗ് അടക്കമുള്ള പ്രമുഖര്‍ പ്രതിഷേധമറിയിച്ചിരുന്നു. രാജ്യത്തിനുവേണ്ടി നിരവധി മെഡലുകള്‍ നേടിയിട്ടുള്ള തനിക്ക് ഇത്തരത്തിലൊരു നടപടി നേരിടേണ്ടിവന്നിട്ടില്ലെന്നും ഫിബ ഏഷ്യയുടെ നടപടി നാണക്കേടുണ്ടാക്കുന്നതാണെന്നും മില്‍ക്ക സിംഗ് പറഞ്ഞു.