ചെളിയില്‍ പുതഞ്ഞ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് കെ.എസ്.ആര്‍.ടി.സി യുടെ സഹായം

single-img
21 August 2014

KSRTCമുല്ലപ്പെരിയാറിലെയും മറ്റു ഡാമുകളുടെയും കാര്യത്തില്‍ തമിഴ്‌നാടും കേരളവും തമ്മില്‍ വഴക്കും വക്കാണവുമാണ്. അങ്ങനെ പലകാര്യങ്ങളിലുമുണ്ട്. പക്ഷേ തമിഴ്‌നാടിന് ഒരു ആവശ്യം വന്നാല്‍ കേരളവും അതുപോലെ തിരിച്ചും സഹായിച്ചെന്നിരിക്കും. അങ്ങനെയൊരു സഹായത്തിന്റെ കഥയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്നതും.

പത്തനംതിട്ടയിലൂടെ യാത്രക്കാരേയും കൊണ്ടു പോകുന്ന വഴി ഗ്യാരേജില്‍ നിര്‍ത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെ എസ്.ഇ.ടി.സി ബസിന്റെ ചക്രങ്ങള്‍ അവിടുണ്ടായിരുന്ന ചെളിയില്‍ പുതഞ്ഞു. പഠിച്ചപണി പലതും നോക്കിയിട്ടും വാഹനം ചെളിയില്‍ നിന്നും പുറത്തെടുക്കാന്‍ സാധിക്കുന്നില്ല.

വാഹനം പത്തനംതിട്ടയില്‍ കുടുങ്ങും എന്ന് ഉറപ്പായ സമയത്താണ് കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ കടന്നുവരവ്. കുടെ കെ.എസ്.ആര്‍.ടി.സിയിലെ ജോലിക്കാരും. പിന്നെ സമയം താമസിച്ചില്ല, കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകില്‍ കയറുകെട്ടി വലിച്ച് തമിഴ്‌നാട് ബസിനെ കെ.എസ്.ആര്‍.ടി.സി ജോലിക്കാര്‍ പുറത്തെടുക്കുകയായിരുന്നു.

ആനവണ്ടി പഴയതാണെങ്കിലും കരുത്ത് ഒട്ടും കുറവല്ലെന്ന് കെ.എസ്.ആര്‍.ടി.സി അവിടെ തെളിയിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് നന്ദിയും രേഖപ്പെടുത്തിയാണ് തമിഴ്‌നാട് ബസ് സ്റ്റാന്റ് വിട്ടത്.